റെയിൽവേ ട്രാക്കിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവിനെ സ്നേഹത്തോടെ ചേർത്തുപിടിച്ച് ചിങ്ങവനം എസ്എച്ച്ഒ അജ്മൽ ഷാ നൽകിയ ആശ്വാസവാക്കുകളാണ് ഇന്നലെ രാത്രി കോട്ടയത്ത് വലിയൊരു ദുരന്തം ഒഴിവാക്കിയത്. രാത്രി 8.15-ഓടെ ചിങ്ങവനം റെയിൽവേ സ്റ്റേഷന് സമീപത്തായിരുന്നു സംഭവം. ചിങ്ങവനം എഫ്എസിടി കടവിന് സമീപം താമസിക്കുന്ന യുവാവ് കുടുംബപ്രശ്നങ്ങൾ മൂലം ജീവനൊടുക്കാൻ പോവുകയാണെന്ന് കാണിച്ച് രണ്ട് മണിക്കൂർ മുൻപ് മുതൽ എസ്എച്ച്ഒയ്ക്ക് വാട്സാപ് സന്ദേശങ്ങൾ അയച്ചിരുന്നു. എന്നാൽ ഓപ്പറേഷൻ കുബേരയുമായി ബന്ധപ്പെട്ട ഔദ്യോഗിക തിരക്കുകൾ കാരണം ഈ സന്ദേശങ്ങൾ ശ്രദ്ധിക്കാൻ അദ്ദേഹത്തിന് സാധിച്ചില്ല.
രാത്രി എട്ട് മണിയോടെ ഭക്ഷണം കഴിക്കാനായി സ്റ്റേഷന് സമീപത്തെ ഹോട്ടലിൽ ഇരിക്കുമ്പോഴാണ് എസ്എച്ച്ഒ യുവാവിന്റെ സന്ദേശം കാണുന്നത്. ഉടൻതന്നെ ഫോണിൽ വിളിച്ചപ്പോൾ താൻ റെയിൽവേ ട്രാക്കിലാണെന്ന് യുവാവ് മറുപടി നൽകി. കാര്യത്തിന്റെ ഗൗരവം തിരിച്ചറിഞ്ഞ അദ്ദേഹം ഹോട്ടലിൽ നിന്ന് ഇറങ്ങി ബൈക്കിൽ ചിങ്ങവനം റെയിൽവേ സ്റ്റേഷനിലേക്ക് കുതിച്ചു. യാത്രയ്ക്കിടയിലും യുവാവുമായി ഫോണിൽ സംഭാഷണം തുടർന്ന അദ്ദേഹം, റെയിൽവേ സ്റ്റേഷനിലും പൊലീസ് സ്റ്റേഷനിലും വിവരം കൈമാറി.
പ്ലാറ്റ്ഫോം ഭാഗത്ത് മാത്രമാണ് അവിടെ വെളിച്ചമുണ്ടായിരുന്നത്. ഇരുട്ടിലൂടെ പാളത്തിലൂടെ തിരച്ചിൽ നടത്തിയ സംഘം സ്റ്റേഷന്റെ തെക്കുഭാഗത്ത് പ്ലാറ്റ്ഫോം കഴിഞ്ഞുള്ള ഒഴിഞ്ഞ പ്രദേശത്ത്, ട്രെയിൻ കടന്നുപോകുന്ന പ്രധാന ട്രാക്കിന് കുറുകെ കിടക്കുന്ന നിലയിലാണ് യുവാവിനെ കണ്ടെത്തിയത്. സംസാരിച്ച് സമാധാനിപ്പിച്ച് യുവാവിനെ മാറ്റിനിർത്തിയതിന് തൊട്ടുപിന്നാലെ തൊട്ടടുത്ത ട്രാക്കിലൂടെ മറ്റൊരു ട്രെയിൻ കടന്നുപോയി. പൊലീസ് എത്തുന്നതിന് മുൻപ് ആ പാളത്തിലൂടെ ട്രെയിൻ വന്നിരുന്നെങ്കിൽ യുവാവിന്റെ ജീവൻ തന്നെ അപകടത്തിലാകുമായിരുന്നു.
യുവാവിനെ അനുനയിപ്പിച്ച ശേഷം ബന്ധുക്കളെ വിളിച്ചുവരുത്തി വീട്ടിലേക്ക് മടക്കി അയച്ചു. പിറ്റേന്ന് രാവിലെ സംസാരിച്ച് പ്രശ്നങ്ങൾക്ക് പരിഹാരം കാണാമെന്ന് ഉറപ്പുനൽകിയ ശേഷമാണ് വിട്ടയച്ചത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പനച്ചിക്കാട് പഞ്ചായത്തംഗം റോയി മാത്യുവും രക്ഷാപ്രവർത്തനത്തിൽ പൊലീസിനൊപ്പം ചേർന്നു.








