ആമസോൺ ഗ്ലോബൽ സെല്ലിങ് വഴി ഇന്ത്യയിൽ നിന്നും ഏറ്റവുമധികം ഉൽപന്നങ്ങൾ വിദേശത്തേക്ക് കയറ്റുമതി ചെയ്ത 50 നഗരങ്ങളുടെ പട്ടികയിൽ ആലപ്പുഴ 26-ാം സ്ഥാനം സ്വന്തമാക്കി. താനെ, മുംബൈ, ഡൽഹി എന്നിവയാണ് ആദ്യ മൂന്ന് സ്ഥാനങ്ങളിൽ ഇടംപിടിച്ചത്. കേരളത്തിൽ നിന്നും ഈ പട്ടികയിൽ ഉൾപ്പെട്ട ഏക നഗരവും ആലപ്പുഴയാണ്. കയർ, സമുദ്രോൽപന്നങ്ങൾ, കാർഷിക-ഭക്ഷ്യ ഉൽപന്നങ്ങൾ എന്നിവയുടെ കയറ്റുമതിയിലൂടെയാണ് ആലപ്പുഴ ഈ നേട്ടം കൈവരിച്ചത്. 2025 ജനുവരി മുതൽ 2026 സെപ്റ്റംബർ വരെയുള്ള കാലയളവിൽ 270 കോടിയിലധികം രൂപയുടെ (29 ദശലക്ഷം ഡോളർ) വ്യാപാരമാണ് ആലപ്പുഴയിൽ നിന്നും നടന്നത്. കാൺപുർ, ആഗ്ര, കച്ച്, കാഞ്ചീപുരം എന്നീ നഗരങ്ങളിലും സമാനമായ രീതിയിലുള്ള കയറ്റുമതി വിൽപന രേഖപ്പെടുത്തിയിട്ടുണ്ട്.
യുഎസ്, ബ്രിട്ടൻ, ജർമനി, കാനഡ, യുഎഇ, ഫ്രാൻസ്, ഇറ്റലി, സ്പെയിൻ തുടങ്ങിയ രാജ്യങ്ങളിലേക്കാണ് പ്രധാനമായും ഉൽപന്നങ്ങൾ അയക്കുന്നത്. പട്ടികയിലുള്ള 50 നഗരങ്ങളിൽ ഭൂരിഭാഗവും ഉത്തർപ്രദേശ് (12), ഗുജറാത്ത് (7), ഹരിയാന (6), തമിഴ്നാട് (5) എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ളവയാണ്. തമിഴ്നാട്ടിൽ നിന്നും ഈറോഡ്, കോയമ്പത്തൂർ, ചെന്നൈ, കാരൂർ, കാഞ്ചീപുരം എന്നീ നഗരങ്ങൾ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്.
വിദേശ വിപണികളിലേക്ക് ഇന്ത്യൻ ഉൽപന്നങ്ങൾ എത്തിക്കുന്നതിനായി 2015-ൽ ആമസോൺ ആരംഭിച്ച പദ്ധതിയാണ് ‘ആമസോൺ ഗ്ലോബൽ സെല്ലിങ്’. വൻകിട മെട്രോ നഗരങ്ങൾക്കൊപ്പം ചെറുനഗരങ്ങളും കയറ്റുമതി രംഗത്ത് വലിയ മുന്നേറ്റം നടത്തുന്നതായി ആമസോൺ പുറത്തുവിട്ട റിപ്പോർട്ട് വ്യക്തമാക്കുന്നു. ഇതിനോടകം 2.4 ലക്ഷത്തിലധികം കയറ്റുമതിക്കാർ ഈ സംവിധാനം വഴി തങ്ങളുടെ ഉൽപന്നങ്ങൾ വിദേശത്ത് വിറ്റഴിച്ചിട്ടുണ്ട്. ആമസോൺ വഴിയുള്ള ഇന്ത്യയുടെ ആകെ ഓൺലൈൻ കയറ്റുമതി വ്യാപാരം 2.51 ലക്ഷം കോടി രൂപ കടന്നു. 2030 ആകുമ്പോഴേക്കും ഇ-കൊമേഴ്സ് കയറ്റുമതി 7.50 ലക്ഷം കോടി രൂപയിലേക്ക് ഉയർത്താനാണ് കമ്പനി ലക്ഷ്യമിടുന്നത്. ആഗോളതലത്തിൽ വർധിച്ചുവരുന്ന ആവശ്യകതയും ഇന്ത്യയുടെ മികച്ച നിർമാണ-വിതരണ ശേഷിയും ഡിജിറ്റൽ സൗകര്യങ്ങളും ആലപ്പുഴ പോലുള്ള ചെറുനഗരങ്ങൾക്ക് വരുംവർഷങ്ങളിൽ കൂടുതൽ കരുത്തേകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.








