ലൊസാഞ്ചലസ് : തെക്കൻ കാലിഫോർണിയൻ തീരത്ത് 5.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതായി യു.എസ്. ജിയോളജിക്കൽ സർവേ (യുഎസ്‌ജിഎസ്) റിപ്പോർട്ട് ചെയ്തു. നവംബർ 28-ന് പ്രാദേശിക സമയം രാവിലെ 9:30-ഓടെയായിരുന്നു ഭൂചലനം അനുഭവപ്പെട്ടത്. ലൊസാഞ്ചലസിന് സമീപമുള്ള മാൻഹട്ടൻ ബീച്ച് തീരത്താണ് ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രമെന്ന് യുഎസ്‌ജിഎസ് അറിയിച്ചു.
പ്രധാന ഭൂചലനത്തിനു പിന്നാലെ സമീപപ്രദേശത്ത് ഒന്നിലധികം തുടർചലനങ്ങൾ രേഖപ്പെടുത്തി. രാവിലെ 11:41-ന് അതേ മേഖലയിൽ 4.6 തീവ്രതയുള്ള ചലനവും ഉണ്ടായതായി യുഎസ്‌ജിഎസ് അറിയിച്ചു. ആദ്യ ഭൂചലനത്തിന് പിന്നാലെ സുനാമി ഭീഷണിയില്ലെന്ന് ദേശീയ സുനാമി മുന്നറിയിപ്പ് കേന്ദ്രവും അറിയിച്ചു.
ഭൂചലനത്തെത്തുടർന്ന് ലൊസാഞ്ചലസ് വിമാനത്താവളത്തിലെ ജനൽച്ചില്ലുകൾ തകർന്നു. ടെർമിനൽ 7ലെ നടപ്പാതയുടെ ഒരു ഭാഗം ചില്ലുകൾ തകർന്നതിനെത്തുടർന്ന് അടച്ചിട്ടു. ടെർമിനലിനുള്ളിലെ സീലിങ് പാനലും അടർന്നുവീണു. സുരക്ഷാ സംവിധാനങ്ങൾ സ്വയം പ്രവർത്തിച്ചതിനെത്തുടർന്ന് ഷെവ്‌റോണിലെ എണ്ണശുദ്ധീകരണ ശാലയിൽനിന്ന് പുക ഉയർന്നു. നിരവധി വീടുകൾക്ക് കേടുപാടുണ്ടായി. ഭൂചലനത്തിൽ ആളപായമോ വലിയ നാശനഷ്ടങ്ങളോ റിപ്പോർട്ടു ചെയ്തിട്ടില്ല.








