വാഷിങ്ടൺ : സുരക്ഷാ ഭീഷണിയെ തുടർന്ന് അമേരിക്കന്‍ പ്രസിഡൻ്റ് ഡോണൾഡ് ട്രംപിന്‍റെ ഭരണകൂടത്തിലെ ഉന്നത ഉദ്യോഗസ്ഥർ വാഷിങ്ടണിലെ സുരക്ഷിത സൈനിക വസതികളിലേക്ക് താമസം മാറ്റിയതായി റിപ്പോര്‍ട്ട്. ആഭ്യന്തര രാഷ്ട്രീയ സംഘര്‍ഷങ്ങളും വിദേശ രാജ്യങ്ങളില്‍ നിന്നുള്ള ഭീഷണികളും വര്‍ധിക്കുന്ന സാഹചര്യത്തിലാണ് നടപടി. ഇറാനില്‍ നിന്നുള്ള ഭീഷണി കണക്കിലെടുത്താണ് സുരക്ഷ ശക്തമാക്കിയത്.
മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥര്‍ക്കും പ്രതിരോധ മേഖലയിലെ ഉന്നത അധികാരികള്‍ക്കും മാത്രമായി അനുവദിച്ചിട്ടുള്ള വസതികളിലേക്കാണ് ഇപ്പോള്‍ മുതിര്‍ന്ന സിവിലിയന്‍ ഉദ്യോഗസ്ഥരും താമസം മാറിയിരിക്കുന്നത്. അമേരിക്കന്‍ സൈനിക കേന്ദ്രങ്ങള്‍ക്കുള്ളില്‍ കര്‍ശനമായ പ്രവേശന നിയന്ത്രണങ്ങളോടെയാണ് ഈ വസതികള്‍ സ്ഥിതി ചെയ്യുന്നത്. ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള വീടുകള്‍ ഉള്‍പ്പെടുന്ന ഇവയില്‍ താമസിക്കുന്നത് കൂടുതല്‍ സുരക്ഷ ഉറപ്പാക്കുമെന്നാണ് വിലയിരുത്തല്‍.
സൈനിക കേന്ദ്രങ്ങളുടെ നിയന്ത്രിത പ്രവേശന സംവിധാനവും അധിക സുരക്ഷാ ക്രമീകരണങ്ങളും ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങള്‍ തടയാന്‍ സഹായിക്കുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടല്‍. അതേസമയം, സൈനിക വസതികള്‍ സിവിലിയന്‍ ഉദ്യോഗസ്ഥര്‍ക്ക് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട സുരക്ഷാ ക്രമീകരണങ്ങള്‍, വാടക, പൊതുസൗകര്യങ്ങളുടെ ഉപയോഗം തുടങ്ങിയ വിഷയങ്ങളില്‍ ചര്‍ച്ചകളും ഉയര്‍ന്നിട്ടുണ്ട്.
അമേരിക്കന്‍ ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസൻ്റാണ് ഏറ്റവും ഒടുവില്‍ സൈനിക വസതിയിലേക്ക് താമസം മാറിയ പ്രമുഖന്‍. ജോര്‍ജ്ടൗണിലെ തന്‍റെ ആഡംബര വസതി ഒഴിഞ്ഞാണ് അദ്ദേഹം സുരക്ഷിതമായ സൈനിക കേന്ദ്രത്തിലേക്ക് മാറിയത്. അമേരിക്കന്‍ നീതിന്യായ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥന്‍ ബ്ലാഞ്ചെയും സൈനിക വസതികളിലേക്ക് താമസം മാറിയവരുടെ പട്ടികയിലുണ്ടെന്നാണ് റിപ്പോര്‍ട്ട്. ട്രംപ് ഭരണകൂടത്തിലെ മറ്റ് ചില മുതിര്‍ന്ന ഉദ്യോഗസ്ഥരും സമാനമായ സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി സൈനിക കേന്ദ്രങ്ങളിലേക്ക് മാറിയിട്ടുണ്ട്. അതേസമയം, ഇറാന്‍ വാഷിങ്ടണില്‍ ‘ഡേര്‍ട്ടി ബോംബ്’ അഥവാ റേഡിയോ ആക്ടീവ് വസ്തുക്കള്‍ ഉപയോഗിച്ചുള്ള ആക്രമണമോ രാസായുധ ആക്രമണമോ നടത്താന്‍ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മുതിര്‍ന്ന ട്രംപ് ഭരണകൂട ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ടാണ് ഇത്തരം നീക്കങ്ങളെന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ ഈ ആരോപണങ്ങള്‍ സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം പുറത്തുവന്നിട്ടില്ല.








