വാഷിങ്ടൺ : ഒന്നര വര്‍ഷത്തിനുള്ളില്‍ അമേരിക്കയില്‍ നിന്നും രണ്ടായിരത്തി മുന്നൂറിലധികം ഇന്ത്യക്കാരെ നാടുകടത്തിയതായി റിപ്പോര്‍ട്ട്. അമേരിക്കന്‍ കമ്യൂണിറ്റി മീഡിയ പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 20 മാസത്തിനിടെ യുഎസില്‍ നിന്നും 2,349 ഇന്ത്യക്കാരെയാണ് നാടുകടത്തിയത്. ഈ കാലയളവില്‍ അറസ്റ്റിലായത് ആറായിരത്തിലധികം ഇന്ത്യക്കാരാണ്. നാലായിരത്തിലധികം ആളുകള്‍ ഡീപോര്‍ട്ടേഷന്‍ കേന്ദ്രങ്ങളില്‍ നാടുകടത്തല്‍ കാത്ത് കഴിയുകയാണ്. 2025 ജനുവരിക്കും 2026 ഓഗസ്റ്റിനും ഇടയിലുള്ള 20 മാസത്തിനുള്ളില്‍ യുഎസ് ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെൻ്റ് ആകെ 6,111 ഇന്ത്യക്കാരെയാണ് അറസ്റ്റ് ചെയ്തതെന്നും റിപ്പോര്‍ട്ട് പറയുന്നു. 2025ല്‍ നാടുകടത്തപ്പെട്ട ഇന്ത്യക്കാരുടെ എണ്ണം 16 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തിയെന്ന് ഐസിഇയുടെ കണക്കുകള്‍ തന്നെ വ്യക്തമാക്കുന്നു.
ഇടക്കാല തിരഞ്ഞെടുപ്പിന് മുമ്പായി ഐസിഇ കുടിയേറ്റ വിരുദ്ധ റെയ്ഡുകള്‍ ശക്തമാക്കിയതായി ‘ സ്റ്റോപ്പ് എഎപിഐ ഹേറ്റ് ‘ എന്ന സംഘടന വ്യക്തമാക്കി. ഏഷ്യ-പസഫിക് വിഭാഗത്തില്‍ ഏറ്റവും കൂടുതല്‍ അറസ്റ്റുകളും തടങ്കലുകളും നാടുകടത്തലുകളും രേഖപ്പെടുത്തിയത് ഇന്ത്യക്കാര്‍ക്കെതിരെയാണെന്ന് സംഘടന പറയുന്നു.
ഗ്രീന്‍ കാര്‍ഡ് ഉണ്ടായിട്ടും ഇന്ത്യന്‍ വംശജയെ ഒരാഴ്ച കസ്റ്റഡിയില്‍ വെച്ച സംഭവവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. 1994 മുതല്‍ അമേരിക്കയില്‍ താമസിക്കുന്ന 60 വയസ്സുകാരിയെയാണ് ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ തടങ്കലിലാക്കിയത്. ഇവരുടെ ഗ്രീന്‍ കാര്‍ഡ് ഉള്ള അപേക്ഷ അംഗീകരിക്കപ്പെട്ടതായിരുന്നു. ഗ്രീന്‍ കാര്‍ഡ് നടപടികളുടെ ഭാഗമായുള്ള ബയോമെട്രിക്‌സ് പരിശോധനയ്ക്കായി ഇമിഗ്രേഷന്‍ ഓഫീസിലേക്ക് വിളിച്ചുവരുത്തിയപ്പോഴാണ് കസ്റ്റഡിയിലെടുത്തത്. ഒരാഴ്ചയ്ക്ക് ശേഷമാണ് മോചിപ്പിച്ചത്. ഡെമോക്രാറ്റിക് പാര്‍ട്ടി ഭരിക്കുന്ന കാലിഫോര്‍ണിയയില്‍ മാത്രം എണ്ണൂറ്റി അമ്പതിലധികം ഇന്ത്യക്കാരെയാണ് ഐസിഇ അറസ്റ്റ് ചെയ്തത്.








