വാഷിങ്ടൺ : അമേരിക്കന്‍ സര്‍ക്കാര്‍ സംവിധാനങ്ങളെ ലക്ഷ്യമിട്ടുള്ള സൈബര്‍ ആക്രമണങ്ങൾ തുടരുന്നു. എഫ്ബിഐ, പെന്റഗണ്‍, ആഭ്യന്തര സുരക്ഷാ വകുപ്പ്, രഹസ്യാന്വേഷണ ഏജന്‍സികള്‍, ട്രഷറി വകുപ്പ് എന്നിവയുമായി ബന്ധപ്പെട്ട് അടുത്തിടെ നടന്ന സൈബർ ആക്രമണങ്ങൾക്ക് പിന്നാലെ യുഎസ് വ്യോമസേനയുടെ പ്രധാന ക്ലൗഡ് കമ്പ്യൂട്ടിങ് പ്ലാറ്റ്ഫോമായ ‘ക്ലൗഡ് വണ്‍’ ഹാക്കര്‍മാര്‍ തകര്‍ത്തതായി റിപ്പോര്‍ട്ട്. അമേരിക്കന്‍ സൈനിക നീക്കങ്ങള്‍, ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍, സൈനിക ഉപകരണങ്ങളുടെ പരിപാലനം, ലോജിസ്റ്റിക്സ് തുടങ്ങിയ നിര്‍ണായക വിവരങ്ങള്‍ സൂക്ഷിക്കുന്ന സംവിധാനത്തിലാണ് സൈബര്‍ ആക്രമണം ഉണ്ടായത്. കഴിഞ്ഞ ഒരു മാസത്തിനിടെ സംവിധാനത്തിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കിടെയാണ് സുരക്ഷാവീഴ്ച കണ്ടെത്തിയത്. പുതിയ സംഭവത്തോടെ യുഎസ് സൈനിക സംവിധാനങ്ങളുടെ ക്ലൗഡ് സുരക്ഷ വീണ്ടും ചര്‍ച്ചയായിരിക്കുകയാണ്.
ഇത്തരമൊരു നീക്കത്തിനു പിന്നില്‍ ആരാണെന്നോ ഇവര്‍ എത്രത്തോളം വിവരങ്ങള്‍ മോഷ്ടിച്ചിട്ടുണ്ടെന്നോ വ്യക്തമല്ല. സൈബര്‍ ആക്രമണത്തില്‍ ഏതെങ്കിലും വിവരങ്ങള്‍ മോഷ്ടിക്കപ്പെടുകയോ നശിപ്പിക്കപ്പെടുകയോ ചെയ്തു എന്ന കാര്യത്തിലും സ്ഥിരീകരണമില്ല. സംഭവത്തിന്റെ ആഘാതം വിലയിരുത്തുന്നതിനായി യുഎസ് സൈന്യത്തിന്റെ സൈബര്‍ വിഭാഗമായ സൈബര്‍ കമാന്‍ഡിനെ അന്വേഷണത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതേസമയം, പ്രത്യേക നെറ്റ്വര്‍ക്കുകളുടെയും സംവിധാനങ്ങളുടെയും സുരക്ഷാ നിലയെക്കുറിച്ചോ പ്രവര്‍ത്തനങ്ങളെക്കുറിച്ചോ പ്രതികരിക്കാനാവില്ലെന്ന് യുഎസ് വ്യോമസേന അറിയിച്ചു. പ്രതിരോധ വകുപ്പിന്റെ വിവരങ്ങളും സംവിധാനങ്ങളും സംരക്ഷിക്കാന്‍ ആവശ്യമായ നടപടികള്‍ തുടര്‍ച്ചയായി സ്വീകരിക്കുന്നുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.
2017ല്‍ ആരംഭിച്ച ക്ലൗഡ് വണ്‍ പദ്ധതി വ്യോമസേനയുടെ വിവിധ ഐടി ആവശ്യങ്ങള്‍ക്കായി ഏകീകൃത സംവിധാനം ഒരുക്കുകയെന്ന ലക്ഷ്യത്തോടെയാണ് രൂപീകരിച്ചത്. മൈക്രോസോഫ്റ്റ്, ആമസോണ്‍, ഒറാക്കിള്‍, ആല്‍ഫബെറ്റ് തുടങ്ങിയ കമ്പനികളുടെ സാങ്കേതിക സംവിധാനങ്ങളാണ് ഇതില്‍ ഉപയോഗിക്കുന്നത്. ഉദ്യോഗസ്ഥരുടെ ശമ്പളവും വ്യക്തിഗത വിവരങ്ങളും മുതല്‍ സൈനിക ഉപകരണങ്ങളുടെ അറ്റകുറ്റപ്പണികളും ലോജിസ്റ്റിക്സും നിയന്ത്രിക്കുന്ന നിരവധി ആപ്ലിക്കേഷനുകള്‍ ഇതിന്റെ ഭാഗമാണ്. വടക്കേ അമേരിക്കയിലെ വ്യോമപ്രതിരോധ റഡാര്‍ വിവരങ്ങള്‍ ഉള്‍പ്പെടെ ഏകോപിപ്പിക്കുന്ന ക്ലൗഡ് അധിഷ്ഠിത കമാന്‍ഡ് ആന്‍ഡ് കണ്ട്രോള് സംവിധാനവും ലോകമെമ്പാടുമുള്ള ഇരുനൂറിലധികം യുഎസ് വ്യോമസേനാ കേന്ദ്രങ്ങളിലെ ബോംബുകളുടെയും മിസൈലുകളുടെയും വിവരങ്ങള്‍ കൈകാര്യം ചെയ്യുന്ന സംവിധാനവും ഇതില്‍ ഉള്‍പ്പെടുന്നു.
സൈബര്‍ ആക്രമണം കണ്ടെത്തിയതോടെ ക്ലൗഡ് വണ്ണിലേക്ക് മറ്റ് സൈനിക ആപ്ലിക്കേഷനുകള്‍ മാറ്റുന്ന പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിട്ടുണ്ട്. നിലവില്‍ പ്ലാറ്റ്ഫോമില്‍ പ്രവര്‍ത്തിക്കുന്ന ആപ്ലിക്കേഷനുകളുടെ അപ്ഡേറ്റുകളും തടഞ്ഞു. ഇതോടെ സോഫ്റ്റ്വെയറുകളിലെ സുരക്ഷാ തകരാറുകള്‍ പരിഹരിക്കുന്നതിനുള്ള നടപടികള്‍ക്കും തടസ്സം നേരിട്ടു. ചില ഉപയോക്താക്കളുടെ അഡ്മിനിസ്ട്രേറ്റര്‍ അനുമതികള്‍ പിന്‍വലിച്ചതായും റിപ്പോര്‍ട്ടുണ്ട്. സോഫ്റ്റ്വെയറിലെ ഒരു സുരക്ഷാ പിഴവ് മുതലെടുത്താണ് ഹാക്കര്‍മാര്‍ സംവിധാനത്തിന്റെ നിയന്ത്രണ മേഖലയിലേക്ക് കടന്നതെന്നാണ് സൂചന. ഇതുവഴി സൈനിക വിമാനങ്ങളുടെ പ്രവര്‍ത്തനനിലയും യന്ത്രഭാഗങ്ങളുടെ നീക്കവും ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ പരിശോധിക്കാന്‍ ആക്രമികള്‍ക്ക് സാങ്കേതികമായി സാധിച്ചേക്കാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.








