ടൊറൻ്റോ : ഗ്രേറ്റർ ടൊറൻ്റോയുടെ ചില ഭാഗങ്ങളിൽ ഫ്രീസിങ് റെയിന് സാധ്യതയുണ്ടെന്ന് എൻവയൺമെൻ്റ് കാനഡ മുന്നറിയിപ്പ് നൽകി. വ്യാഴാഴ്ച വൈകുന്നേരത്തോടെ വടക്കൻ ജിടിഎയുടെ ചിലയിടങ്ങളിൽ അഞ്ച് മില്ലിമീറ്റർ വരെ കനത്തിൽ മഞ്ഞ് (ഐസ്) അടിഞ്ഞുകൂടാൻ സാധ്യതയുണ്ട്. ഫ്രീസിങ് റെയിനെ തുടർന്ന് റോഡുകളിലും നടപ്പാതകളിലും മഞ്ഞുപാളി രൂപപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ ഏജൻസി നിർദ്ദേശിച്ചു. പിക്കറിങ്, ഓഷവ, യോർക്ക് റീജിന്‍റെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിൽ പ്രത്യേക കാലാവസ്ഥാ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ബുധനാഴ്ച രാത്രി മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗത്തിൽ കിഴക്കൻ കാറ്റ് വീശാനും, താപനില -1 ഡിഗ്രി സെൽഷ്യസിലേക്ക് താഴുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വ്യാഴാഴ്ച വൈകുന്നേരത്തോടെ കാറ്റ് കൂടുതൽ ശക്തമാകാൻ സാധ്യതയുണ്ട്. മണിക്കൂറിൽ 60 മുതൽ 80 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശിയേക്കാം. വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് മഴ ആരംഭിക്കുകയും, വൈകുന്നേരത്തോടെ അത് സ്ഥിരമായി തുടരുകയും ചെയ്യും. വൈകുന്നേരത്തോടെ താപനില കുറയുന്നതിനാൽ, 401 കോറിഡോറിന് വടക്ക്, വടക്കുപടിഞ്ഞാറൻ ജിടിഎ, ഉയർന്ന പ്രദേശങ്ങൾ എന്നിവിടങ്ങളിൽ ‘ഫ്രീസിങ് റെയിൻ’ ഉണ്ടാകാൻ സാധ്യതയുണ്ട്. ചിലയിടങ്ങളിൽ രണ്ട് മുതൽ അഞ്ച് മില്ലിമീറ്റർ വരെ കനത്തിൽ ഐസ് അടിഞ്ഞുകൂടുമെന്ന് പ്രതീക്ഷിക്കുന്നു.
വെള്ളിയാഴ്ച രാവിലെയോടെ ജിടിഎയിൽ ആകെ ലഭിക്കുന്ന മഴയുടെ അളവ് 40 മില്ലിമീറ്ററിലധികം ആയേക്കാം. വെള്ളിയാഴ്ചയും മഴ തുടരും. അന്ന് [ഉയർന്ന താപനില 4 ഡിഗ്രി സെൽഷ്യസ് ആയിരിക്കും. ശനിയാഴ്ച ആകാശം മേഘാവൃതമായിരിക്കുകയും ഇടയ്ക്കിടെ മഴ ലഭിക്കുകയും ചെയ്യും. താപനില 7 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാം. ഞായറാഴ്ചയും സമാനമായ കാലാവസ്ഥയായിരിക്കും, ഉയർന്ന താപനില 9 ഡിഗ്രി സെൽഷ്യസ് വരെ എത്തിയേക്കാം.








