‘ഗ്രാൻഡ് തെഫ്റ്റ് ഓട്ടോ V’ പുറത്തിറങ്ങി 13 വർഷങ്ങൾക്ക് ശേഷം, 2026 നവംബർ 19-ന് റോക്ക്സ്റ്റാർ ഗെയിംസ് ‘ഗ്രാൻഡ് തെഫ്റ്റ് ഓട്ടോ VI (GTA 6)’ വിപണിയിലെത്തിച്ചതോടെ കൗമാരക്കാരുടെയും യുവതലമുറയുടെയും മാനസികാരോഗ്യത്തെയും മൂല്യബോധത്തെയും ബാധിക്കുന്ന വലിയൊരു സാമൂഹിക പ്രശ്നമാണ് ഉയർന്നുവന്നിരിക്കുന്നത്. യാഥാർഥ്യത്തോട് ഏറെ അടുത്തുനിൽക്കുന്ന അക്രമങ്ങളും നിയമലംഘനങ്ങളും കുറ്റകൃത്യങ്ങളും അനായാസം പരീക്ഷിക്കാൻ കഴിയുന്ന ഈ സാങ്കൽപ്പിക ലോകം, യുവാക്കളുടെ കാഴ്ചപ്പാടുകളെയും ദൈനംദിന ജീവിതത്തെയും എങ്ങനെയാണ് സ്വാധീനിക്കുന്നത് എന്നത് ഗൗരവത്തോടെ പരിശോധിക്കേണ്ടതുണ്ട്.
കേവലമൊരു കളിയെന്നതിലുപരി, പുതുതലമുറയുടെ ഭാവിയെത്തന്നെ പ്രതികൂലമായി ബാധിക്കുന്ന പ്രത്യാഘാതങ്ങളിലേക്കാണ് ഇത്തരം ഗെയിമിംഗ് രീതികൾ നയിക്കുന്നത്. യുഎസിലെ ഫ്ലോറിഡയെ അടിസ്ഥാനമാക്കി രൂപപ്പെടുത്തിയ ‘വൈസ് സിറ്റി’, ‘ലെയോണിഡ’ എന്നീ സാങ്കൽപ്പിക കേന്ദ്രങ്ങളിലൂടെ ലൂസിയ കാമിനോസ്, ജേസൺ ഡ്യൂവൽ എന്നീ കഥാപാത്രങ്ങളുടെ സഞ്ചാരമാണ് ഗെയിമിൽ അവതരിപ്പിച്ചിരിക്കുന്നത്. വാഹനമോഷണം, അതിവേഗ ചേസിംഗുകൾ, അധോലോക പ്രവർത്തനങ്ങൾ, നിയമലംഘനങ്ങൾ എന്നിവയെല്ലാം യഥാർഥമെന്ന് തോന്നിപ്പിക്കുന്ന വിധത്തിലാണ് ഇതിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.








