ഓട്ടവ : ഇന്റർനാഷണൽ ഐസ് ഹോക്കി ഫെഡറേഷന്റെ (IIHF) ഔദ്യോഗിക വെബ്സൈറ്റിന് നേരെ സൈബർ ആക്രമണം ഉണ്ടായതായി റിപ്പോർട്ട്. ചൊവ്വാഴ്ച രാവിലെ മുതൽ ഫെഡറേഷന്റെ വെബ്സൈറ്റ് പ്രവർത്തനരഹിതമാണ്. അടുത്ത മാസം ആൽബർട്ടയിൽ നടക്കുന്ന ലോക ജൂനിയർ ഹോക്കി ചാമ്പ്യൻഷിപ്പിൽ നിന്ന് റഷ്യയെ ഒഴിവാക്കിയതായി ഫെഡറേഷൻ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് സൈബർ ആക്രമണം ഉണ്ടായത്. യുക്രെയ്ൻ യുദ്ധത്തിൻ്റെ പശ്ചാത്തലത്തിൽ റഷ്യൻ കളിക്കാർക്ക് വിലക്കേർപ്പെടുത്താൻ കനേഡിയൻ സർക്കാർ തീരുമാനിച്ചിരുന്നു. കാനഡയുടെ ഈ നിലപാടിനെ തുടർന്ന്, അടുത്ത മാസം നടക്കുന്ന ലോക ജൂനിയർ ചാമ്പ്യൻഷിപ്പിൽ റഷ്യ പങ്കെടുപ്പിക്കില്ലെന്ന് IIHF ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നു.
ചൊവ്വാഴ്ച രാവിലെ മുതൽ IIHF വെബ്സൈറ്റ് ഓഫ് ലൈനാണെന്നും ഇതൊരു സൈബർ ആക്രമണമാണെന്നും ഫെഡറേഷൻ സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കി. സുരക്ഷ പൂർണ്ണമായും ഉറപ്പാക്കിയ ശേഷം വെബ്സൈറ്റ് വീണ്ടും പ്രവർത്തനക്ഷമമാക്കുമെന്ന് അധികൃതർ അറിയിച്ചു. അതേസമയം, സൈറ്റിൽ റഷ്യയുമായി ബന്ധപ്പെട്ട ചിത്രങ്ങളോ സന്ദേശങ്ങളോ പ്രത്യക്ഷപ്പെട്ടിട്ടുണ്ടെന്ന മാധ്യമ വാർത്തകളെക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.
ഫെഡറേഷൻ്റെ തീരുമാനം “അംഗീകരിക്കാനാവാത്തതും നിയമവിരുദ്ധവുമാണ്” എന്ന് റഷ്യൻ ഐസ് ഹോക്കി ഫെഡറേഷൻ പ്രതികരിച്ചു. ടൂർണമെൻ്റ് കാനഡയിൽ നിന്ന് മാറ്റണമെന്നും അവർ ആവശ്യപ്പെട്ടു. കാനഡ ഭാവിയിൽ കായിക മത്സരങ്ങൾക്ക് ആതിഥേയത്വം വഹിക്കുന്നതിന് എതിരെ കർശന നടപടികൾ ഉണ്ടാകണമെന്ന് റഷ്യൻ സ്പോർട്സ് മന്ത്രിയും ആവശ്യപ്പെട്ടിട്ടുണ്ട്.
ഡിസംബർ 26 മുതൽ ആൽബർട്ടയിലെ എഡ്മിന്റനിലും റെഡ് ഡീറിലുമായാണ് ഈ വർഷത്തെ ലോക ജൂനിയർ ചാമ്പ്യൻഷിപ്പ് നടക്കുന്നത്.








