ഇന്ത്യയുടെ ആധുനിക നിർമാണ മേഖലയ്ക്ക് പുതിയ കരുത്തേകിക്കൊണ്ട് രാജ്യത്തെ ആദ്യ തദ്ദേശീയ ഹൈബ്രിഡ് ലേസർ ആർക്ക് വെൽഡിങ് (എച്ച്എഫ്എൽഡബ്ല്യു) സാങ്കേതികവിദ്യ പുറത്തിറക്കി. നെസ്റ്റ് ഗ്രൂപ്പിന് കീഴിലുള്ള എസ്എഫ്ഒ ടെക്നോളജീസും കൊച്ചിൻ ഷിപ്പ്യാർഡ് ലിമിറ്റഡും (സിഎസ്എൽ) സംയുക്തമായാണ് ഈ നേട്ടം കൈവരിച്ചത്. കളമശേരി നെസ്റ്റ് ഹൈടെക് പാർക്കിൽ സജ്ജമാക്കിയ അഡ്വാൻസ്ഡ് ലേസർ എൻജിനീയറിങ് സെന്ററിന്റെയും ആർ ആൻഡ് ഡി കേന്ദ്രത്തിന്റെയും ഉദ്ഘാടന വേദിയിലായിരുന്നു ഈ പ്രഖ്യാപനം. സിഎസ്എൽ സിഎംഡി വി.ജെ. ജോസും എസ്എഫ്ഒ ടെക്നോളജീസ് സിഎംഡി ഡോ. എൻ. ജഹാംഗീറും ചേർന്നാണ് പുതിയ കേന്ദ്രം നാടിന് സമർപ്പിച്ചത്.
എസ്എഫ്ഒ ടെക്നോളജീസ് തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഹൈ-പവർ ഫൈബർ ലേസർ സോഴ്സിന്റെ പിൻബലത്തിലാണ് ഈ പുതിയ വെൽഡിങ് സംവിധാനം പ്രവർത്തിക്കുന്നത്. ലേസർ വെൽഡിങ്, സാധാരണ ആർക്ക് വെൽഡിങ്, റോബോട്ടിക്സ്, നൂതന ഓട്ടോമേഷൻ എന്നിവയെല്ലാം ഒരുമിച്ച് സമന്വയിപ്പിച്ചാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്. കപ്പൽ നിർമാണം, പ്രതിരോധം, എൻജിനീയറിങ്, റെയിൽവേ, ഊർജം എന്നീ സുപ്രധാന വ്യവസായ മേഖലകളിൽ വെൽഡിങ് ജോലികൾ കൂടുതൽ വേഗത്തിലാക്കാനും മികച്ച ഗുണനിലവാരം ഉറപ്പാക്കാനും ഈ സാങ്കേതികവിദ്യ വലിയ പങ്കുവഹിക്കും.








