ഓട്ടവ : ലോഹക്കഷണങ്ങൾ കലർന്നിരിക്കാൻ സാധ്യതയുള്ളതിനാൽ കാനഡയിലുടനീളം വിറ്റഴിച്ച ഇരുപത്തിനാലിലധികം ബിയർ, മദ്യരഹിത ബിയർ ഉൽപ്പന്നങ്ങൾ വിപണിയിൽ നിന്ന് തിരിച്ചുവിളിച്ചു. ബ്ലൂ മൂൺ (Blue Moon), ബ്ലാക്ക് ഹോഴ്സ് (Black Horse), ബ്രാസ്സർ ഡി മോൺട്രിയൽ (Brasseur de Montreal), കൂർസ് ലൈറ്റ് (Coors Light), ഹോപ്പ് വാലി (Hop Valley), ഇന്ത്യ ബിയർ (India Beer), മോൾസൺ കനേഡിയൻ (Molson Canadian) എന്നീ ബ്രാൻഡുകളുടെ 29 ഉൽപ്പന്നങ്ങളാണ് തിരിച്ചുവിളിച്ചിരിക്കുന്നതെന്ന് കനേഡിയൻ ഫുഡ് ഇൻസ്പെക്ഷൻ ഏജൻസി അറിയിച്ചു.
ക്രീമോർ, ലോങ്‌യുയിൽ, മോങ്ക്ടൺ, സെൻ്റ് ജോൺസ് ബ്രൂവറികളിൽ പാക്കേജു ചെയ്‌തിരിക്കുന്ന ഉൽപ്പന്നങ്ങളിലാണ് ലോഹക്കഷണങ്ങളുടെ സാന്നിധ്യം കണ്ടെത്തിയത്. മോൾസൺ കനേഡിയൻ, കോർസ് ലൈറ്റ്, ഇന്ത്യ, ബ്ലാക്ക് ഹോഴ്‌സ് ഉൽപ്പന്നങ്ങൾ അറ്റ്ലാൻ്റിക് കാനഡയിലും ബ്രസ്സേഴ്‌സ് ഡി മോൺട്രിയൽ ഉൽപ്പന്നങ്ങൾ ക്യുബെക്കിലും ഹോപ് വാലി ഇനങ്ങൾ ഒൻ്റാരിയോയിലും വെസ്റ്റേൺ കാനഡയിലുമാണ് വിറ്റഴിച്ചിരിക്കുന്നത്. ബാധിച്ച ഉൽപ്പന്നങ്ങൾ ഉപയോഗിക്കുകയോ വിൽക്കുകയോ വിളമ്പുകയോ വിതരണം ചെയ്യുകയോ അരുതെന്നും കൂടുതൽ വിവരങ്ങൾക്ക് CFIA-യെ ബന്ധപ്പെടണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.








