ഓക്ലഹോമയിലെ ബ്രയാൻ കൗണ്ടിയിൽ വീടിനുനേരെയും പൊലീസിനുനേരെയും വെടിയുതിർത്ത ശേഷം കടന്നുകളഞ്ഞ മൈക്കൽ നാഥൻ ഡേൽ ഗാരറ്റ് എന്ന ആയുധധാരിയായ പ്രതിക്കായി അധികൃതർ തിരച്ചിൽ ശക്തമാക്കി. ഗാർവിൻ കൗണ്ടി കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്. ആക്രമണത്തിൽ ആർക്കും പരുക്കേറ്റിട്ടില്ലെന്ന് ഷെരീഫ് ഓഫീസ് വ്യക്തമാക്കിയിട്ടുണ്ട്.
ആറടി ഉയരവും 180 പൗണ്ട് ഭാരവുമുള്ള ഈ പ്രതി തവിട്ടുനിറത്തിലുള്ള മുടിയുള്ള വെളുത്ത വർഗക്കാരനാണ്. കറുത്ത ബാക്ക്പാക്ക് കൈവശമുള്ള ഇയാൾ അവസാനമായി ഗ്രേ ടി-ഷർട്ടും ഷോട്സുമാണ് ധരിച്ചിരുന്നത്. പ്രതിയെ പ്രദേശത്ത് കണ്ടതായി സൂചനയുണ്ടെങ്കിലും ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.
ആളുകൾ യാതൊരു കാരണവശാലും പ്രതിയെ പിന്തുടരാനോ ഫോട്ടോയെടുക്കാനോ ശ്രമിക്കരുതെന്നും അതീവ ജാഗ്രത പാലിക്കണമെന്നും ഷെരീഫ് ജിം മുള്ളറ്റ് മുന്നറിയിപ്പ് നൽകി. പ്രതിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ സുരക്ഷിതസ്ഥാനത്തേക്ക് മാറിയ ശേഷം ഉടൻ തന്നെ 911ൽ ബന്ധപ്പെടേണ്ടതാണ്.







