വൻകൂവർ : ബ്രിട്ടിഷ് കൊളംബിയ തീരം ലക്ഷ്യമിട്ട് വീണ്ടുമൊരു കൊടുങ്കാറ്റ് എത്തുന്നു. ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ നീളുന്ന ശക്തമായ കാറ്റിനൊപ്പം കനത്ത മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. വരും ദിവസങ്ങളിൽ വൻകൂവർ ദ്വീപിന്റെ ചില ഭാഗങ്ങളിൽ 250 മില്ലിമീറ്ററിലധികം മഴ ലഭിച്ചേക്കാമെന്നാണ് പ്രവചനം. ഇതോടെ തീരദേശവാസികൾ ജാഗ്രത പാലിക്കണമെന്ന് ബി.സി. ഹൈഡ്രോയും മറ്റ് അധികൃതരും മുന്നറിയിപ്പ് നൽകി. അതേസമയം അടിയന്തര ഘട്ടങ്ങളെ നേരിടാൻ ദുരന്തനിവാരണ സേനകളും പൂർണ്ണ സജ്ജമാണെന്ന് അധികൃതർ അറിയിച്ചു.
കഴിഞ്ഞ വാരാന്ത്യത്തിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും ലക്ഷക്കണക്കിന് ആളുകൾക്ക് വൈദ്യുതി മുടങ്ങിയിരുന്നു. സറേയിൽ മരം കടപുഴകി വീണ് കാറിലുണ്ടായിരുന്ന ഒരാൾ മരിച്ചിരുന്നു. കനത്ത മഴയ്ക്ക് ഒപ്പം ശക്തമായ കാറ്റും വീശിയതോടെ വൻകൂവർ ദ്വീപിന്റെ വടക്കുപടിഞ്ഞാറൻ തീരത്തുള്ള സെബല്ലോസ് കമ്മ്യൂണിറ്റിയിൽ നിന്നും നിരവധി പേരെ ഒഴിപ്പിച്ചു. നിലവിലുള്ള വെള്ളക്കെട്ടുകളും മോശം ഡ്രൈനേജ് സംവിധാനങ്ങളും കാരണം പുതിയ കൊടുങ്കാറ്റ് കൂടുതൽ പ്രദേശങ്ങളിൽ വെള്ളപ്പൊക്ക ഭീഷണി ഉയർത്തുന്നുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.







