കൊല്ലം-ചെങ്കോട്ട റെയിൽവേ പാതയിൽ ട്രെയിൻ തട്ടി കടുവ കൊല്ലപ്പെട്ടു. ആര്യങ്കാവിനും ഭഗവതീപുരത്തിനും മധ്യേ തമിഴ്‌നാട് അതിർത്തിക്കുള്ളിൽ വെച്ചാണ് ദാരുണമായ ഈ അപകടം സംഭവിച്ചത്. പാലക്കാടേക്ക് സർവീസ് നടത്തുകയായിരുന്ന പാലരുവി എക്സ്പ്രസാണ് കടുവയെ ഇടിച്ചത്.
അപകടം നടന്ന ഉടൻ തന്നെ ട്രെയിൻ ജീവനക്കാർ വിവരം തമിഴ്‌നാട് വനംവകുപ്പ് ഉദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നു. സംഭവം നടന്നതിനെ തുടർന്ന് കുറച്ചു സമയം ട്രെയിൻ പാതയിൽ നിർത്തിയിടേണ്ടി വന്നു. തുടർന്ന് റെയിൽവേ ട്രാക്കിൽ കിടന്നിരുന്ന കടുവയുടെ മൃതദേഹം അവിടെനിന്ന് മാറ്റിയ ശേഷമാണ് പാലരുവി എക്സ്പ്രസ് യാത്ര തുടർന്നത്.







