കാലിഫോർണിയയിൽ നിന്നും കാണാതായ 72 വയസ്സുള്ള ഇന്ത്യൻ വംശജയുടെ മൃതദേഹം കനാലിൽ കണ്ടെത്തി. അജിത് കൗർ എന്ന വയോധികയുടെ മൃതദേഹമാണ് ഒക്ടോബർ 24 ശനിയാഴ്ച ടർലോക്ക് കനാലിൽ കണ്ടെത്തിയത്. കഴിഞ്ഞ ഓഗസ്റ്റ് 23-നാണ് ഇവരെ കാണാനില്ലെന്ന് കാണിച്ച് കുടുംബം പരാതി നൽകിയത്. സെറാസിന് സമീപമുള്ള ലോവർ ലാറ്ററൽ 3 കനാലിൽ പെട്രോളിങ് നടത്തുന്നതിനിടയിൽ ടർലോക്ക് ഇറിഗേഷൻ ഡിസ്ട്രിക്റ്റ് ജീവനക്കാരനാണ് മൃതദേഹം കണ്ടെത്തിയത്.
ഓഗസ്റ്റ് 23-ന് കാസാ ഗ്രാൻഡെ അപ്പാർട്ട്മെൻ്റ് കോംപ്ലക്സിലെ വീട്ടിൽ നിന്ന് പീച്ച് നിറത്തിലുള്ള സൽവാർ സൂട്ടും ദുപ്പട്ടയും ധരിച്ച് ഇറങ്ങിയ അജിത് കൗറിനെ പിന്നീട് കാണാതാവുകയായിരുന്നു. ഇവർ അപ്പാർട്ട്മെൻ്റിന് സമീപമുള്ള കനാലിൽ വീണിരിക്കാമെന്ന് അന്വേഷണത്തിൽ പൊലീസിന് സൂചന ലഭിച്ചിരുന്നു. തുടർന്ന് പൊലീസും മെർസെഡ് കൗണ്ടി ഷെരീഫ് ഓഫീസിന്‍റെ സഹായത്തോടെ ഡോഗ് സ്ക്വാഡും ഉൾപ്പെടെയുള്ളവരുടെ നേതൃത്വത്തിൽ വ്യാപകമായ തിരച്ചിൽ നടത്തി.
ഒക്ടോബർ 24-നാണ് കനാലിൽ മനുഷ്യശരീരത്തിന്‍റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. തുടർന്ന് നടത്തിയ പരിശോധനയിൽ സ്റ്റാനിസ്ലാസ് കൗണ്ടി കൊറോണർ ഓഫീസ് അജിത് കൗറിന്റേതാണെന്ന് സ്ഥിരീകരിച്ചു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.







