കൊച്ചി ചേരാനല്ലൂരിൽ പതിനേഴുകാരൻ ഓടിച്ച കാറിടിച്ച് മാഞ്ഞാലി സ്വദേശിയായ ജയബാലകൃഷ്ണൻ (55) കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിക്കെതിരെ പോലീസ് നരഹത്യാക്കുറ്റം ചുമത്തി. ലൈസൻസില്ലാതെ വാഹനം ഓടിച്ച കൗമാരക്കാരന് നേരത്തെ ജാമ്യം ലഭിച്ചിരുന്നു. ഇതിൽ ആഭ്യന്തര മന്ത്രി ഡിജിപിയെയും സിറ്റി പോലീസ് കമ്മീഷണറെയും വിളിച്ച് കടുത്ത അതൃപ്തി പ്രകടിപ്പിച്ചതിനെ തുടർന്നാണ് പോലീസ് നടപടി ശക്തമാക്കിയത്.
ഇരിങ്ങാലക്കുട അഡീഷണൽ സെഷൻസ് ജഡ്ജിയുടെ മകനാണ് അപകടമുണ്ടാക്കിയ കാർ ഓടിച്ചിരുന്നത്. ഇന്ന് പുലർച്ചെ 2.20-ഓടെയാണ് സംഭവം നടന്നത്. തട്ടുകടയടച്ച് സ്‌കൂട്ടറിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്ന ജയബാലകൃഷ്ണനെ കൗമാരക്കാരൻ ഓടിച്ച കാർ പിന്നിൽ നിന്ന് ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. അശ്രദ്ധമായി വാഹനം ഓടിച്ചതിനും (ബിഎൻഎസ് 281), ആളപായ വരുത്തിയതിനും (ബിഎൻഎസ് 106 (1)) ആയിരുന്നു പോലീസ് ആദ്യം കേസെടുത്തിരുന്നത്.
ആലുവയിലെ ഫ്ലാറ്റിൽ നിന്ന് വീട്ടുകാർ അറിയാതെയാണ് താൻ കാറുമായി വെറുതെ കറങ്ങാനിറങ്ങിയതെന്ന് പ്രതി പോലീസിന് മൊഴി നൽകി. വീട്ടുകാർ ഫ്ലാറ്റിന്റെ മൂന്നാം നിലയിലായിരുന്നതിനാൽ താഴെ പാർക്ക് ചെയ്തിരുന്ന കാർ എടുത്തത് അവർ അറിഞ്ഞിരുന്നില്ല. ചേരാനല്ലൂരിൽ എത്തിയ ശേഷം തിരികെ ആലുവയിലേക്ക് മടങ്ങുന്നതിനിടെ കനത്ത മഴ കാരണം മുൻപിലുണ്ടായിരുന്ന സ്‌കൂട്ടർ കാണാൻ കഴിഞ്ഞില്ലെന്നാണ് പതിനേഴുകാരൻ വ്യക്തമാക്കിയത്.







