ചാലിയാർ പുഴയിൽ മീൻ പിടിക്കുന്നതിനിടെ ഒഴുക്കിൽപെട്ട് കാണാതായ സൈനികന്റെ മൃതദേഹം കണ്ടെത്തി. പെരുവയൽ മുണ്ടക്കൽക്കോപ്പൊൽ തൊടികയിൽ സുധീഷ് ആണ് അപകടത്തിൽപ്പെട്ടത്. മദ്രാസ് റെജിമെന്റിലെ എൻജിനീയറിങ് വിഭാഗത്തിൽ ജവാനായ സുധീഷ് ഒരു മാസത്തെ അവധിക്കാണ് നാട്ടിലെത്തിയത്. ശനിയാഴ്ച വൈകിട്ട് അഞ്ചു മണിയോടെ വലവീശി മീൻ പിടിക്കുന്നതിനിടെ കാലു തെന്നി പുഴയിൽ വീഴുകയായിരുന്നു.
പാലത്തിലൂടെ പോവുകയായിരുന്ന വിദ്യാർഥികളാണ് ഒരാൾ ഒഴുക്കിൽപെട്ട വിവരം നാട്ടുകാരെ അറിയിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിൽ സമീപത്ത് നിർത്തിയിട്ടിരുന്ന സ്കൂട്ടർ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയതോടെയാണ് അപകടത്തിൽപ്പെട്ടത് സുധീഷ് ആണെന്ന് വ്യക്തമായത്. പുഴക്കടവ് റെഗുലേറ്ററിന്റെ ഷട്ടറുകൾ ഉയർത്തിയിരുന്നതിനാൽ ശക്തമായ കുത്തൊഴുക്കുണ്ടായിരുന്നത് തെരച്ചിലിന് തടസ്സമായിരുന്നു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് മാവൂരിൽ നിന്നുള്ള അഗ്നിരക്ഷാ സേനാംഗങ്ങൾ സ്ഥലത്തെത്തി തെരച്ചിൽ ആരംഭിച്ചു. തിങ്കളാഴ്ച രാവിലെ ഡിങ്കി ബോട്ട് ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ, സുധീഷിനെ കാണാതായ സ്ഥലത്തുനിന്ന് 50 മീറ്റർ മാറിയാണ് ഫയർഫോഴ്സ് സംഘം മൃതദേഹം കണ്ടെത്തിയത്







