ഹൂതി ആക്രമണം തുടരുന്ന പശ്ചാത്തലത്തിൽ സൗദി അറേബ്യയിലേക്കുള്ള എല്ലാ യാത്രകളും ഒഴിവാക്കണമെന്ന് നിർദ്ദേശിച്ച് കാനഡ. കനേഡിയൻ പൗരന്മാർ റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കും ദമ്മാമിലെ കിങ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുമുള്ള എല്ലാ യാത്രകളും ഒഴിവാക്കുക, ‘ഗ്ലോബൽ അഫയേഴ്സ് കാനഡ’ (Global Affairs Canada) അറിയിച്ചു. കനേഡിയൻ പൗരന്മാർ സൗദി അറേബ്യയിലെ അസീർ, ജിസാൻ, നജ്‌റാൻ എന്നീ പ്രവിശ്യകളിലേക്കും, യെമൻ അതിർത്തിയിൽ നിന്ന് 30 കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശങ്ങളിലേക്കും യാത്ര ചെയ്യുന്നത് ഒഴിവാക്കണമെന്നും ഏജൻസി മുന്നറിയിപ്പ് നൽകി.
സൗദി അറേബ്യയിലെ വിമാനത്താവളങ്ങൾക്ക് നേരെയുണ്ടായ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ പ്രവർത്തനങ്ങളെ ബാധിക്കുകയും പല വിമാനത്താവളങ്ങളിലും വിമാന സർവീസുകൾ തടസ്സപ്പെടാൻ കാരണമാവുകയും ചെയ്തിട്ടുണ്ടെന്ന് ഫെഡറൽ ഏജൻസി റിപ്പോർട്ട് ചെയ്തു. കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളം നിലവിൽ അടച്ചിട്ടിരിക്കുകയാണെന്നും, കൂടുതൽ ആക്രമണങ്ങൾ ഉണ്ടായാൽ സൗദി അറേബ്യയുടെ വ്യോമമേഖല തന്നെ അടച്ചിടേണ്ടി വന്നേക്കാമെന്നും ഗ്ലോബൽ അഫയേഴ്സ് അറിയിച്ചു.







