അമേരിക്കയിലെ മുൻനിര റിയൽ എസ്റ്റേറ്റ് രംഗത്ത് പ്രവർത്തിക്കുന്ന അലക്സാണ്ടർ സഹോദരങ്ങൾക്കെതിരെയുള്ള ലൈംഗിക കടത്ത് കേസിൽ പ്രോസിക്യൂഷൻ ശക്തമായ നിയമനടപടികളുമായി മുന്നോട്ട് പോവുകയാണ്. ആഗോളതലത്തിൽ തന്നെ വലിയ കോളിളക്കം സൃഷ്ടിച്ച ഈ കേസിൽ, പ്രശസ്ത ബ്രോക്കർമാരായ ഓറൻ അലക്സാണ്ടർ, താൽ അലക്സാണ്ടർ, അവരുടെ സഹോദരൻ അലോൻ അലക്സാണ്ടർ എന്നിവർ പ്രതികളാണെന്ന് കണ്ടെത്തിയിട്ടുണ്ട്. അറുപത്തിലധികം യുവതികളാണ് ഇവർക്കെതിരെ നിർണായക മൊഴികളുമായി മാൻഹാട്ടൻ ഫെഡറൽ കോടതിയിൽ എത്തിയത്. പ്രലോഭിപ്പിച്ചും ലഹരി നൽകിയും വഞ്ചിച്ച ശേഷം പ്രതികൾ തങ്ങളെ വർഷങ്ങളോളം ക്രൂരമായ പീഡനത്തിനിരയാക്കിയെന്നാണ് ഇരകൾ വെളിപ്പെടുത്തിയത്.
സമൂഹത്തിലെ ഉന്നത സ്ഥാനവും കോടികളുടെ ആസ്തിയും ദുരുപയോഗം ചെയ്താണ് പ്രതികൾ ഈ കുറ്റകൃത്യങ്ങൾ തുടർന്നിരുന്നത്. വിചാരണ വേളയിൽ പ്രതിഭാഗം ആരോപണങ്ങൾ നിഷേധിക്കാൻ ശ്രമിച്ചെങ്കിലും ജൂറി അത് തള്ളിക്കളയുകയും ഇവർ കുറ്റക്കാരാണെന്ന് കണ്ടെത്തുകയും ചെയ്തു. പണത്തിന്റെയും സ്വാധീനത്തിന്റെയും ബലത്തിൽ ഇത്തരത്തിലുള്ള ഗുരുതരമായ കുറ്റകൃത്യങ്ങൾ ചെയ്യുന്നവർക്ക് യാതൊരുവിധ ഇളവും നൽകരുതെന്നും, പരമാവധി ശിക്ഷയായ ജീവപര്യന്തം തന്നെ ഉറപ്പാക്കണമെന്നുമാണ് പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. സ്ത്രീ എതിരായ അതിക്രമങ്ങളിൽ ഏർപ്പെടുന്ന പ്രമുഖർക്കുള്ള ശക്തമായ മുന്നറിയിപ്പായ ഈ കേസിലെ അന്തിമ ശിക്ഷാവിധി ഒക്ടോബർ 27-ന് മാൻഹാട്ടൻ ഫെഡറൽ കോടതി പ്രഖ്യാപിക്കും.







