യുകെയിൽ ഉപരിപഠനത്തിനായി പോയ കോഴിക്കോട് സ്വദേശിയായ യുവതിയെ മറ്റൊരാൾ നിയമവിരുദ്ധമായി തടഞ്ഞുവെച്ചിരിക്കുകയാണെന്ന മാതാപിതാക്കളുടെ പരാതിയിൽ ഹൈക്കോടതി നിർണ്ണായക ഇടപെടൽ നടത്തിയിരിക്കുകയാണ്. മകൾ ഇന്ത്യ വിട്ടതിനു ശേഷം അവളുടെ സുരക്ഷയെക്കുറിച്ചോ ക്ഷേമത്തെക്കുറിച്ചോ യാതൊരു വിവരവും ലഭ്യമല്ലെന്നും, ഒപ്പമുള്ളയാൾ അവളെ തടഞ്ഞുവെച്ചിരിക്കുകയാണെന്നും ചൂണ്ടിക്കാട്ടി മാതാപിതാക്കൾ ഹൈക്കോടതിയിൽ ഹർജി സമർപ്പിക്കുകയായിരുന്നു.
ഈ ഹർജി പരിഗണിച്ച ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ, യുവതിയുടെ നിലവിലെ സ്ഥിതിയും സുരക്ഷയും പരിശോധിച്ച് വിവരം അറിയിക്കാൻ ഇന്ത്യൻ ഹൈക്കമ്മീഷനോട് നിർദ്ദേശിച്ചു. സാധ്യമെങ്കിൽ യുവതിയുടെ നേരിട്ടുള്ള മൊഴിയെടുത്ത് 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. കേസ് ഈ മാസം 28-ന് വീണ്ടും പരിഗണിക്കും.
യുവതിക്കൊപ്പമുള്ളയാളെ ഹൈക്കമ്മീഷൻ ഉദ്യോഗസ്ഥർ ബന്ധപ്പെട്ടപ്പോൾ, തങ്ങൾ രണ്ടുപേരും സ്വന്തം ഇഷ്ടപ്രകാരവും സന്തോഷത്തോടെയുമാണ് ഒന്നിച്ചു കഴിയുന്നതെന്നും ആരുടെയും നിർബന്ധമില്ലെന്നുമാണ് മറുപടി നൽകിയത്. എങ്കിലും, മാതാപിതാക്കളുടെ ആശങ്കയും നിയമവിരുദ്ധ തടഞ്ഞുവെക്കൽ സംബന്ധിച്ച ആരോപണങ്ങളും ഗൗരവത്തിലെടുത്താണ് ഹൈക്കോടതിയുടെ ഈ തുടർ നടപടി.







