തെക്കന്‍ കാലിഫോര്‍ണിയയുടെ തീരമേഖലകളില്‍ വെള്ളപ്പൊക്കം അതിരൂക്ഷമായി. അസാധാരണമായി വെളളപ്പൊക്കവും ശക്തമായ തിരമാലകളും കാരണം നിരവധി ബീച്ചുകളും കടല്‍പ്പാലങ്ങളും അടച്ചു. ന്യൂപോര്‍ട്ട് ബീച്ച് ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ റോഡുകളിലും സമീപത്തെ തെരുവുകളിലും വെള്ളം കയറി. ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് അധികൃതര്‍ ജാഗ്രതാ നിര്‍ദേശങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്.
ഓറഞ്ച് കൗണ്ടിയിലെ ന്യൂപോര്‍ട്ട് ബീച്ചിലാണ് വെള്ളപ്പൊക്കം കൂടുതല്‍ നാശനഷ്ടങ്ങള്‍ സൃഷ്ടിച്ചത്. വെള്ളിയാഴ്ച മുതല്‍ ഇവിടെ വെള്ളം കയറുന്ന സാഹചര്യം തുടരുകയാണ്. പ്രധാന റോഡായ ബാല്‍ബോവ ബൊളിവാര്‍ഡും സമീപത്തെ നിരവധി തെരുവുകളും വെള്ളത്തിനടിയിലായി. വെള്ളപ്പൊക്കത്തിന്റെ പശ്ചാത്തലത്തില്‍ ന്യൂപോര്‍ട്ട് ബീച്ച് നഗരസഭ ശനിയാഴ്ച പ്രാദേശിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. കടല്‍ തിരമാലകളുടെ ഉയരവും അസാധാരണമായ കടല്‍നിരപ്പും വാരാന്ത്യത്തിലുടനീളം ഉയര്‍ന്ന നിലയില്‍ തുടരാന്‍ സാധ്യതയുണ്ടെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. വെള്ളപ്പൊക്കവും അപകടകരമായ സാഹചര്യങ്ങളും ഗുരുതരമായ സുരക്ഷാ ഭീഷണി സൃഷ്ടിക്കുന്നതിനാല്‍ ഈ മേഖലകളില്‍നിന്ന് അകന്നുനില്‍ക്കണമെന്ന് അധികൃതര്‍ ജനങ്ങളോട് നിര്‍ദേശിച്ചു.







