കാനഡയിൽ മതിയായ പാർപ്പിടസൗകര്യങ്ങൾ ഇല്ലാതിരുന്നതുമൂലമാണ് കഴിഞ്ഞ രണ്ട് വർഷമായി കുടിയേറ്റം കുറയ്ക്കേണ്ടി വന്നതെന്നും, നിലവിൽ ആ പ്രതിസന്ധികൾ പരിഹരിച്ചുവരികയാണെന്നും ഇന്ത്യയിലെ കനേഡിയൻ ഹൈക്കമ്മീഷണർ ക്രിസ്റ്റഫർ കൂട്ടർ വ്യക്തമാക്കി. വാർത്താവാരികയായ ‘ദ വീക്കിന്’ നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. വൈദ്യുതി വിതരണ മേഖലയിൽ മാത്രം 1.3 ലക്ഷം തൊഴിലവസരങ്ങളുള്ള കാനഡയിൽ, ഖനന മേഖലയിലും വരുംകാലങ്ങളിൽ 10 ലക്ഷം വിദഗ്ധ തൊഴിലാളികളെ ആവശ്യമായി വരും. മികച്ച ഇംഗ്ലീഷ് ഭാഷാ വൈഭവവും സമാന ഭരണരീതികളും ഉള്ള ഇന്ത്യ കാനഡയുടെ ഏറ്റവും പ്രധാനപ്പെട്ട പങ്കാളിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര-വ്യാപാര ബന്ധങ്ങൾ കൂടുതൽ ശക്തിപ്പെടുന്നതിന്റെ ഭാഗമായി, ഈ മാസം മുന്നൂറിലധികം ബിസിനസ് പ്രതിനിധികളും സ്ഥാപനങ്ങളും അടങ്ങുന്ന വലിയൊരു സംഘം ഇന്ത്യ സന്ദർശിക്കാനെത്തും. കഴിഞ്ഞ വർഷം ഉന്നതതലങ്ങളിൽ നിരവധി കൂടിക്കാഴ്ചകൾ നടന്നിട്ടുണ്ടെന്നും, അടുത്ത വർഷത്തോടെ മുംബൈ, ബെംഗളൂരു എന്നിവിടങ്ങളിൽ കൂടുതൽ ഉദ്യോഗസ്ഥരെ നിയമിച്ച് വീസ നടപടികൾ കൂടുതൽ വേഗത്തിലാക്കുമെന്നും അദ്ദേഹം അറിയിച്ചു. എണ്ണ, പ്രകൃതിവാതകം, അപൂർവ ധാതുക്കൾ, ബഹിരാകാശ ഗവേഷണം (ഐഎസ്ആർഒ-കാനഡ സ്പേസ് ഏജൻസി സഹകരണം), ക്വാണ്ടം കമ്പ്യൂട്ടിങ്, സ്പേസ് റോബോട്ടിക്സ് തുടങ്ങിയ വിവിധ മേഖലകളിൽ ഇരുരാജ്യങ്ങൾക്കും ഒന്നിച്ച് പ്രവർത്തിക്കാൻ വലിയ സാധ്യതകളുണ്ടെന്നും ഇതിൽ സ്വകാര്യമേഖലയെക്കൂടി പങ്കാളികളാക്കുന്നുണ്ടെന്നും ഹൈക്കമ്മീഷണർ വ്യക്തമാക്കി.







