സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം ലഭിക്കണമെന്ന ആഗ്രഹം വീണ്ടും പങ്കുവെച്ച് അമേരിക്കന്‍ പ്രസിഡൻ്റ് ഡോണള്‍ഡ് ട്രംപ്. എന്നാല്‍ 2026ലെ പുരസ്‌കാരം തനിക്ക് ലഭിക്കുമോ എന്ന കാര്യത്തില്‍ സംശയമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇറാനുമായി യുദ്ധത്തിലേര്‍പ്പെട്ടതും യുക്രെയ്ൻ യുദ്ധത്തിന് ഇതുവരെ സമാധാനപരമായ പരിഹാരം കണ്ടെത്താന്‍ കഴിയാത്തതുമായ സാഹചര്യത്തിലാണ് ട്രംപിന്‍റെ ഇത്തരമൊരു പ്രതികരണം.
2026-ലെ നൊബേല്‍ സമാധാന പുരസ്‌കാര ജേതാവിനെ നോര്‍വീജിയന്‍ നൊബേല്‍ കമ്മിറ്റി വെള്ളിയാഴ്ച പ്രഖ്യാപിക്കും. രണ്ടാം തവണ പ്രസിഡൻ്റ് ആയി തിരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെ പലതവണ നൊബേല്‍ സമാധാന പുരസ്‌കാരത്തിന് താന്‍ അര്‍ഹനാണെന്ന് ട്രംപ് പറഞ്ഞിട്ടുണ്ട്. അവരുടെ തീരുമാനം എന്തായിരിക്കുമെന്ന് എനിക്കറിയില്ല. എന്നെപ്പോലുള്ളവര്‍ക്ക് പുരസ്‌കാരം നല്‍കാതിരിക്കുന്നതില്‍ അവര്‍ക്ക് ഒരു പാരമ്പര്യമുണ്ടെന്ന് തോന്നുന്നു, 2026ലെ പുരസ്‌കാരത്തെക്കുറിച്ച് ട്രംപ് പ്രതികരണമിതായിരുന്നു. കഴിഞ്ഞ തവണ പുരസ്‌കാരം ലഭിച്ച വ്യക്തി തനിക്ക് നേരിട്ട് പുരസ്‌കാരം നല്‍കാതിരുന്നെങ്കിലും, ചരിത്രത്തില്‍ മറ്റാരേക്കാളും ട്രംപ് അതിന് അര്‍ഹനാണെന്ന് പറഞ്ഞതില്‍ തനിക്ക് ബഹുമാനമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വെനസ്വേലന്‍ പ്രതിപക്ഷ നേതാവ് മരിയ കൊറീന മച്ചാഡോയ്ക്കായിരുന്നു 2025ലെ നൊബേല്‍ സമാധാന പുരസ്‌കാരം ലഭിച്ചത്. ജനുവരിയില്‍ അമേരിക്കയുടെ പിന്തുണ തേടുന്നതിനിടെ അവര്‍ തന്‍റെ നൊബേല്‍ മെഡല്‍ ട്രംപിന് സമ്മാനിക്കുകയും ചെയ്തു. അതേസമയം, ഈ വര്‍ഷത്തെ നൊബേല്‍ സമാധാന പുരസ്‌കാരത്തിനായി പരിഗണിക്കപ്പെടുന്ന പ്രമുഖരില്‍ പോപ്പ് ലിയോ, അന്താരാഷ്ട്ര ക്രിമിനല്‍ കോടതി, പലസ്തീന്‍ പ്രദേശങ്ങള്‍ക്കായുള്ള പ്രത്യേക റിപ്പോര്‍ട്ടര്‍ എന്നിവരും ഉള്‍പ്പെടുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു.







