ഒട്ടാവ • കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിലുള്ള ലാംഗ്ലിയിൽ വാഹനത്തിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ ഇന്ത്യൻ വംശജനായ യുവാവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ പൊലീസ് കൊലപാതകത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സറേയിൽ താമസിച്ചിരുന്ന ഇരുപത്തഞ്ചുകാരനായ തുഷാർ ശർമ്മയാണ് കൊല്ലപ്പെട്ടത്. ഒക്ടോബർ 29-ന് രാത്രി പത്തരയോടെ ലാംഗ്ലിയിലെ റോളിൻസൺ ക്രസന്റ് ഭാഗത്ത് ഒരു കാർ തീപിടിച്ചു കത്തുന്നതായി പൊലീസിന് സന്ദേശം ലഭിക്കുകയായിരുന്നു. ഉടൻതന്നെ ലാംഗ്ലി പൊലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി തീയണച്ചപ്പോഴാണ് കാറിനുള്ളിൽ മൃതദേഹാവശിഷ്ടങ്ങൾ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് നടത്തിയ ശാസ്ത്രീയ പരിശോധനയിലൂടെയാണ് മരിച്ചത് തുഷാർ ശർമ്മയാണെന്ന് സ്ഥിരീകരിച്ചത്. കേസിന്റെ ഗൗരവം പരിഗണിച്ച് ഇന്റഗ്രേറ്റഡ് ഹോമിസൈഡ് ഇൻവെസ്റ്റിഗേഷൻ ടീം (IHIT) അന്വേഷണച്ചുമതല ഏറ്റെടുത്തിട്ടുണ്ട്.
മരണത്തിലേക്ക് നയിച്ച കാരണങ്ങളും സംഭവങ്ങളുടെ നാൾവഴിയും കൃത്യമായി മനസ്സിലാക്കാനുള്ള ശ്രമത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥർ. അവസാന മണിക്കൂറുകളിൽ തുഷാർ എവിടെയായിരുന്നുവെന്നും ആരെയൊക്കെയാണ് കണ്ടിരുന്നതെന്നും പൊലീസ് വിശദമായി പരിശോധിക്കുന്നുണ്ട്. കാനഡയിൽ യാതൊരുവിധ ക്രിമിനൽ പശ്ചാത്തലവുമില്ലാത്ത തുഷാറിന് വലിയ സൗഹൃദവലയങ്ങളും ഉണ്ടായിരുന്നില്ലെന്ന് പൊലീസ് വ്യക്തമാക്കുന്നു.
തുഷാറിന്റെ കുടുംബാംഗങ്ങളിൽ നിന്നും അടുത്ത സുഹൃത്തുക്കളിൽ നിന്നും അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചുവരികയാണ്. യുവാവിന്റെ ജീവിതരീതി, ദിനചര്യകൾ, മരണത്തിന് തൊട്ടുമുമ്പുള്ള നീക്കങ്ങൾ എന്നിവയെക്കുറിച്ച് കൂടുതൽ അറിയുന്നതിനായി വിദേശത്തുള്ള ബന്ധുക്കളെയും പരിചയക്കാരെയും ബന്ധപ്പെടാനും പൊലീസ് നടപടികൾ തുടങ്ങിയിട്ടുണ്ട്. കൊലപാതകത്തിന്റെ യഥാർത്ഥ കാരണം ഇതുവരെ വ്യക്തമായിട്ടില്ലെങ്കിലും, തുഷാറിനെ കൃത്യമായി ലക്ഷ്യം വെച്ച് നടപ്പിലാക്കിയ ആസൂത്രിത കൊലപാതകമാണിതെന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തൽ.
വ്യക്തിവൈരാഗ്യമാണോ അതോ മറ്റ് എന്തെങ്കിലും കാരണങ്ങളാണോ ഈ ക്രൂരകൃത്യത്തിന് പിന്നിലെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. സംഭവത്തിൽ എത്രപേർ പങ്കാളികളായിട്ടുണ്ടെന്നും കാർ കത്തിക്കാനുണ്ടായ സാഹചര്യമെന്തെന്നും കണ്ടെത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. കൃത്യം നടന്ന സമയത്ത് പ്രദേശത്ത് അസ്വാഭാവികമായ നീക്കങ്ങൾ ശ്രദ്ധയിൽപ്പെട്ടവരോ, സിസിടിവി ദൃശ്യങ്ങൾ കൈവശമുള്ളവരോ അന്വേഷണ സംഘത്തെ വിവരമറിയിക്കണമെന്ന് പൊലീസ് പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.








