അഞ്ചാംപനി ബാധിതരുടെ എണ്ണം ക്രമാതീതമായി ഉയർന്നതിനെത്തുടർന്ന് ന്യൂയോർക്കിൽ ഡിസാസ്റ്റർ എമർജൻസി (ദുരന്ത അടിയന്തരാവസ്ഥ) പ്രഖ്യാപിച്ചു. ഇതുവരെ ന്യൂയോർക്ക് സിറ്റിയിൽ ഏഴും, സംസ്ഥാനത്തിന്‍റെ മറ്റ് ഭാഗങ്ങളിലായി 101-ഉം ഉൾപ്പെടെ ആകെ 108 സ്ഥിരീകരിച്ച കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ജൂലൈ 15 മുതൽ റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളിൽ 92 എണ്ണവും ഗ്രാമീണ മേഖലകളിലും പ്രതിരോധ കുത്തിവെയ്പ്പ് പൂർണ്ണമായി എടുക്കാത്തവർക്കിടയിലുമാണെന്ന് ആരോഗ്യ വകുപ്പ് അധികൃതർ വ്യക്തമാക്കി.
രോഗവ്യാപനം തടയുന്നതിനുള്ള പ്രതിരോധ പ്രവർത്തനങ്ങൾ വേഗത്തിലാക്കാനും, വാക്സിനേഷനും പരിശോധനകളും കാര്യക്ഷമമാക്കാൻ ആരോഗ്യ പ്രവർത്തകർക്ക് അധിക അധികാരം നൽകാനും ലക്ഷ്യമിട്ടാണ് ഗവർണർ കാത്തി ഹോച്ചുൾ അടിയന്തരാവസ്ഥ പുറപ്പെടുവിച്ചത്. പുതിയ ഉത്തരവോടെ വാക്സിൻ നൽകാൻ അധികാരമുള്ള ആരോഗ്യ പ്രവർത്തകരുടെ പരിധി വിപുലീകരിച്ചു. പാരാമെഡിക്കുകൾ, അഡ്വാൻസ്ഡ് ഇ.എം.എസ് പ്രവർത്തകർ, ഫാർമസിസ്റ്റുകൾ, മിഡ്‌വൈഫുമാർ എന്നിവർക്കും ഇനി മുതൽ വാക്സിൻ നൽകാം. ഡോക്ടർമാർക്ക് പുറമെ രോഗനിർണ്ണയ പരിശോധനകൾ നിർദ്ദേശിക്കാൻ നഴ്സുമാർക്കും അനുമതി നൽകിയിട്ടുണ്ട്.
വാക്സിനിലൂടെ തടയാൻ സാധിക്കുന്ന ഒരു രോഗം ബാധിച്ച് ആരും ഗുരുതരാവസ്ഥയിലാവുകയോ ജീവൻ നഷ്ടപ്പെടുകയോ ചെയ്യരുതെന്നും, കൂടുതൽ പേരിലേക്ക് വാക്സിനും പരിശോധനകളും എത്തിക്കാനാണ് ഈ നടപടികളെന്നും ഗവർണർ വ്യക്തമാക്കി. രോഗവ്യാപന തോതും പ്രാദേശിക ആരോഗ്യ അപകടസാധ്യതകളും പൊതുജനങ്ങൾക്ക് നേരിട്ട് നിരീക്ഷിക്കാനായി സംസ്ഥാന സർക്കാർ പ്രത്യേക ‘മീസിൽസ് ഡാഷ്‌ബോർഡും’ ആരംഭിച്ചിട്ടുണ്ട്.
എല്ലാവരും തങ്ങളുടെ മീസിൽസ്, മംപ്സ്, റുബെല്ല (എം.എം.ആർ) വാക്സിനുകൾ കൃത്യമായി എടുത്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് അധികൃതർ നിർദ്ദേശിച്ചു. കുട്ടികൾക്ക് 12-ാം മാസത്തിൽ ആദ്യ ഡോസും, 4 മുതൽ 6 വയസ്സിനിടയിൽ രണ്ടാമത്തെ ഡോസുമാണ് നൽകേണ്ടത്. ആറു മുതൽ 11 മാസം വരെ പ്രായമുള്ള കുഞ്ഞുങ്ങൾക്ക് രോഗസാധ്യതയുള്ള പ്രദേശങ്ങളിലേക്ക് യാത്ര ചെയ്യുന്നതിന് മുൻപായി പ്രത്യേക ഡോസ് വാക്സിൻ നൽകാമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.







