മുന്‍ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കാരൊലിൻ ലെവിറ്റ് പ്രമുഖ വാർത്താ ചാനലായ ‘ഫോക്സ് ന്യൂസിൽ’ ഓൺ-എയർ കോൺട്രിബ്യൂട്ടറായി ജോലിയിൽ പ്രവേശിക്കുന്നു. നവംബർ 1 മുതൽ ചാനലിൽ അവർ രാഷ്ട്രീയ വിലയിരുത്തലുകളും അഭിപ്രായങ്ങളും പങ്കുവെച്ചു തുടങ്ങും.
കുട്ടികളുടെ പരിചരണത്തിനായി ഓഗസ്റ്റ് അവസാനത്തോടെയാണ് 29 വയസ്സുള്ള കാരൊലിൻ വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി സ്ഥാനം ഒഴിഞ്ഞത്. അമേരിക്കൻ ചരിത്രത്തിൽ ഈ പദവിയിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് അവർ. ന്യൂഹാംഷെയറിലെ വീട്ടിലിരുന്ന് ചാനൽ ചർച്ചകളിൽ പങ്കെടുക്കുന്നതിനായി ഫോക്സ് ന്യൂസ് പ്രത്യേക സ്റ്റുഡിയോ സജ്ജീകരിച്ചിട്ടുണ്ട്. ട്രംപിന്‍റെ ആദ്യ ഭരണകാലത്തെ പ്രസ് സെക്രട്ടറിയായിരുന്ന കെയ്‌ലി മെക്കനാനിക്കും ഫോക്സ് ന്യൂസിൽ സമാനമായ പദവി വഹിച്ചിരുന്നു.







