ക്യുബെക്ക് പ്രവിശ്യാ തിരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ ‘കൊയാലിഷൻ അവനീർ ക്യുബെക്ക്’ (CAQ)-ന് തിരിച്ചടി നൽകി പാർട്ടി ക്യുബെക്കോയിസ് (Parti Québécois) ഭരണത്തിലേക്ക്. പ്രവിശ്യയിലെ ആകെ 127 റൈഡിങ്ങുകളിൽ 59 എണ്ണത്തിൽ പാർട്ടി ക്യുബെക്കോയിസ് മുന്നിട്ടു നിൽക്കുന്നതായി റിപ്പോർട്ട്. ‘കാമിൽ-ലോറിൻ’ (Camille-Laurin) റൈഡിങ്ങിൽ വിജയിച്ച പാർട്ടി ലീഡർ പോൾ സെൻ്റ്-പിയറി പ്ലാമോണ്ടൺ ക്യുബെക്കിനെ നയിക്കും. 40 റൈഡിങ്ങുകളിൽ മുന്നിട്ടു നിൽക്കുന്ന ക്യുബെക്ക് ലിബറൽ പാർട്ടി (PLQ) ഔദ്യോഗിക പ്രതിപക്ഷമായി മാറും.
ക്യുബെക്ക് ചരിത്രത്തിൽ ആദ്യമായി കൺസർവേറ്റീവ് പാർട്ടി (CPQ) സ്ഥാനാർത്ഥി ഒരു റൈഡിങ്ങിൽ വിജയിച്ചു; ‘ലാ പെൽട്രി’ (La Peltrie) റൈഡിങ്ങിൽ മുൻ സിഎക്യു (CAQ) എംഎൻഎയും പിന്നീട് കൺസർവേറ്റീവ് പാർട്ടി സ്ഥാനാർത്ഥിയുമായി മാറിയ മൈറ്റെ ബ്ലാഞ്ചെറ്റ് വെസിനയാണ് കൺസർവേറ്റീവ് പാർട്ടിക്കായി വിജയിച്ചത്. ലിബറൽ ലീഡർ ചാൾസ് മിലിയാർഡ് ‘ഈസ്റ്റേൺ ടൗൺഷിപ്പ് ഓർഫോർഡ്’ (Eastern Township Orford) റൈഡിങ്ങിൽ നിന്നും ക്യുബെക്ക് സോളിഡയർ ലീഡർ റുബ ഗസാൽ മോൺട്രിയലിലെ ‘മെർസിയർ’ (Mercier) റൈഡിങ്ങിൽ നിന്നും വിജയം സ്വന്തമാക്കി. അതേസമയം ഭരണകക്ഷിയായ സിഎക്യു (CAQ) പാർട്ടി ലീഡർ ക്രിസ്റ്റിൻ ഫ്രെഷെറ്റ് ‘ട്രോയിസ്-റിവിയേഴ്സ്’ (Trois-Rivières) റൈഡിങ്ങിൽ പിക്യു (PQ) സ്ഥാനാർത്ഥി ജീൻ പെല്ലെറിനോട് പരാജയപ്പെട്ടു.







