മലേഷ്യൻ എൻജിനീയറുടെ ആത്മഹത്യക്ക് കാരണമായ 2006-ലെ റോഡ് നിർമ്മാണ അഴിമതിക്കേസിൽ, നിലവിലെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ജ്ഞാനേഷ് കുമാറിനെതിരെയുള്ള വിജിലൻസ് അന്വേഷണം പുനരാരംഭിക്കാൻ കേരള ആഭ്യന്തര വകുപ്പ് ഉത്തരവിട്ടു. അന്ന് കേരള പൊതുമരാമത്ത് വകുപ്പ് (PWD) സെക്രട്ടറിയായിരുന്ന ജ്ഞാനേഷ് കുമാറിന്റെ പേര് കേസിൽ ഉൾപ്പെട്ടിരുന്നു. ഇന്തോ-മലേഷ്യൻ സംരംഭമായ PATI-BEL കമ്പനിയുടെ ചീഫ് പ്രോജക്ട് മാനേജരായിരുന്ന മലേഷ്യൻ പൗരൻ ലീ സീ ബീൻ ആത്മഹത്യ ചെയ്തതിനെ തുടർന്നാണ് ജ്ഞാനേഷ് കുമാറിനെതിരെ അന്ന് അന്വേഷണം ആരംഭിച്ചിരുന്നത്. ലോകബാങ്ക് ധസഹായത്തോടെ നടപ്പിലാക്കിയ കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് പ്രോജക്റ്റുമായി (KSTR) ബന്ധപ്പെട്ട ബില്ലുകൾ പാസാക്കാൻ ജ്ഞാനേഷ് കുമാർ കൈക്കൂലി ആവശ്യപ്പെട്ടതായി മലേഷ്യൻ എൻജിനീയർ ആരോപിച്ചിരുന്നു.
2006-ൽ നടന്ന വിജിലൻസ് അന്വേഷണം ബാഹ്യസമ്മർദ്ദം മൂലം അട്ടിമറിക്കപ്പെട്ടുവെന്ന് കാണിച്ച് കോൺഗ്രസ് നേതാവ് മലയിൻകീഴ് ഗോപാലകൃഷ്ണൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പുതിയ അന്വേഷണത്തിന് ഉത്തരവിട്ടതെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല മാധ്യമങ്ങളോട് വ്യക്തമാക്കി. മുഖ്യമന്ത്രി വി.ഡി. സതീശനുമായി ചർച്ച നടത്തിയ ശേഷമാണ് സമഗ്രമായ അന്വേഷണത്തിന് ഉത്തരവിട്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആത്മഹത്യ ചെയ്ത എൻജിനീയറുടെ ഭാര്യയ്ക്കും കമ്പനി ഡയറക്ടർക്കും അയച്ച കുറിപ്പുകളിൽ ജ്ഞാനേഷ് കുമാറിന്റെ പേര് വ്യക്തമായി പരാമർശിച്ചിരുന്നു.
പൊതുമരാമത്ത് വകുപ്പിൽ നിന്ന് മാറ്റിയ ശേഷം ഡെപ്യൂട്ടേഷനിൽ ഡൽഹിയിലേക്ക് പോയ ജ്ഞാനേഷ് കുമാർ പിന്നീട് സംസ്ഥാന സർവീസിലേക്ക് മടങ്ങി വന്നിരുന്നില്ല. അന്നത്തെ അന്വേഷണം പാതിവഴിയിൽ ഉപേക്ഷിക്കപ്പെടുകയായിരുന്നുവെന്നും, രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം പുതിയ പരാതിയുടെ അടിസ്ഥാനത്തിൽ വിജിലൻസ് ഈ അന്വേഷണം വീണ്ടും ശക്തമായി മുന്നോട്ട് കൊണ്ടുപോകുമെന്നും ആഭ്യന്തര മന്ത്രി വ്യക്തമാക്കി. 216 കോടി രൂപ ചെലവില് പ്രധാന റോഡുകളുടെ നവീകരണമാണ് PATI-BEL ഏറ്റെടുത്തിരുന്നത്. എന്നാൽ ഭൂമി ഏറ്റെടുക്കലിലുണ്ടായ കാലതാമസം പ്രോജക്ട് എൻജിനീയറായ ബീന്റെ മേൽ വലിയ സമ്മർദ്ദമുണ്ടാക്കിയിരുന്നു. 2006 നവംബറിൽ ബീന്റെ മരണത്തെ തുടർന്ന് അന്നത്തെ സർക്കാർ ജ്ഞാനേഷ് കുമാറിനെ പൊതുമരാമത്ത് വകുപ്പിൽ നിന്ന് മാറ്റിയിരുന്നു.







