യുണൈറ്റഡ് സ്റ്റേറ്റ്സിൽ അനധികൃതമായി പ്രവേശിച്ച ലക്ഷക്കണക്കിന് കുടിയേറ്റക്കാരെ നാടുകടത്തൽ നടപടികൾക്കിടയിൽ വിചാരണയില്ലാതെ തടഞ്ഞുവെക്കുന്ന ഡൊണാൾഡ് ട്രംപ് ഭരണകൂടത്തിന്റെ നയത്തിനെതിരെയുള്ള കേസ് കേൾക്കാൻ യുഎസ് സുപ്രീം കോടതി സമ്മതിച്ചു. ട്രംപിന്റെ കഠിനമായ കുടിയേറ്റ അജണ്ടയുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന ഈ നിയമപോരാട്ടത്തിൽ, കീഴ്ക്കോടതികൾ തമ്മിൽ ഭിന്നാഭിപ്രായങ്ങൾ നിലനിൽക്കുന്നതിനാലാണ് വിഷയം ഉന്നത കോടതിയുടെ പരിഗണനയിൽ എത്തിയത്.
കുടിയേറ്റക്കാർക്ക് ബോണ്ട് ഹിയറിംഗിനുള്ള അവകാശം നിഷേധിച്ചുകൊണ്ട്, നാടുകടത്തൽ നടപടികൾ തീരുന്നത് വരെ മാസങ്ങളോ വർഷങ്ങളോ അവരെ നിർബന്ധിത തടങ്കലിൽ പാർപ്പിക്കാൻ ലക്ഷ്യമിട്ടുള്ളതാണ് ഈ പുതിയ നയം. എന്നാൽ മൂന്ന് പതിറ്റാണ്ടായി നിലവിലുള്ള ഫെഡറൽ നിയമ വ്യാഖ്യാനത്തിന് എതിരാണ് ഈ പുതിയ ഉത്തരവെന്ന് ചൂണ്ടിക്കാട്ടി വിവിധ കുടിയേറ്റക്കാരും സംഘടനകളും ഫെഡറൽ കോടതികളിൽ 73,000-ത്തിലധികം കേസുകൾ ഫയൽ ചെയ്തിരുന്നു.
ബ്രസീലിയൻ പൗരനായ റിക്കാർഡോ അപാറെസിഡോ ബാർബോസ ഡ കുൻഹ നൽകിയ ഹർജിയെ തുടർന്ന് ന്യൂയോർക്ക് ആസ്ഥാനമായുള്ള രണ്ടാമത്തെ യുഎസ് സർക്യൂട്ട് കോർട്ട് ഓഫ് അപ്പീൽ പുറപ്പെടുവിച്ച വിധിക്കെതിരെ ഭരണകൂടം നൽകിയ അപ്പീലാണ് സുപ്രീം കോടതി സ്വീകരിച്ചിരിക്കുന്നത്. തിങ്കളാഴ്ച ആരംഭിക്കുന്ന പുതിയ കാലാവന്ധിയിൽ കോടതി ഈ കേസ് വാദം കേൾക്കും. ഈ നയം ക്രൂരവും മനുഷ്യത്വഹീനവും നിയമവിരുദ്ധവുമാണെന്ന് എ സി എൽ യു (ACLU) വക്താക്കൾ അഭിപ്രായപ്പെട്ടപ്പോൾ, കോൺഗ്രസ് ഉദ്ദേശിച്ച രീതിയിൽ തന്നെയാണ് നിയമം നടപ്പിലാക്കുന്നതെന്ന് ചൂണ്ടിക്കാട്ടി ഡിപ്പാർട്ട്മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി കോടതിയുടെ തീരുമാനത്തെ സ്വാഗതം ചെയ്തു.







