തമിഴ്നാട് വനംവകുപ്പിന്റെ നിയന്ത്രണത്തിലുള്ള നാഗർകോവിലിന് സമീപമുള്ള പുലിയൂർക്കുറിച്ചി ഉദയഗിരി കോട്ടയിൽ പക്ഷികൾക്കായി മൂന്ന് കോടി രൂപ ചെലവിൽ പ്രകൃതിദത്ത ആവാസകേന്ദ്രം നിർമ്മിക്കുന്ന പ്രവൃത്തികൾ പുരോഗമിക്കുകയാണ്. പത്മനാഭപുരം നഗരസഭയുടെ പരിധിയിൽ വരുന്ന ഈ കോട്ടയിൽ പക്ഷികൾക്ക് സ്വാഭാവികമായി ജീവിക്കാനുള്ള സൗകര്യങ്ങളാണ് ഒരുക്കുന്നത്.
ഈ പദ്ധതിയുടെ ഭാഗമായി പക്ഷിക്കൂടാരത്തിനുള്ളിൽ ചെറിയ കുളവും, സന്ദർശകർക്കായി തമിഴ് അക്ഷരത്തിന്റെ ആകൃതിയിലുള്ള നടപ്പാതയും നിർമ്മിക്കുന്നുണ്ട്. കൂടാതെ പ്രവേശന കവാടത്തിൽ ഷോ വാൾ, ടിക്കറ്റ് കൗണ്ടർ എന്നിവയും ഇതിൽ ഉൾപ്പെടുന്നു. നിലവിൽ പുറത്തുള്ള 25 ചതുരശ്ര അടി വിസ്തൃതിയിലുള്ള അടിത്തറയുടെയും, അകത്തുള്ള 13 വൃത്താകൃതിയിലുള്ള അടിത്തറകളുടെയും കോൺക്രീറ്റ് ജോലികൾ പൂർത്തിയായിട്ടുണ്ട്. ഒപ്പം എംഎസ് പൈപ്പ് വളയ്ക്കുന്ന ജോലികളും നടപ്പാതയുടെ നിർമ്മാണവും വേഗത്തിൽ നടന്നു വരുന്നു.







