100 ഡോളർ എനർജി റിബേറ്റിനായുള്ള (energy rebate) അപേക്ഷാ തീയതി ഒക്ടോബർ 31 വരെ നീട്ടിയതായി ആൽബർട്ട സർക്കാർ അറിയിച്ചു. ഉയർന്ന ജീവിതച്ചെലവുകൾക്ക് ആശ്വാസമായി അർഹരായ പ്രാവശ്യനിവാസികളെ സഹായിക്കുന്നതിനായി ജൂലൈയിൽ ഈ റിബേറ്റ് പദ്ധതി ആരംഭിച്ചത്. കൂടാതെ ഒക്ടോബർ 1 മുതൽ പ്രാദേശിക ഇന്ധന നികുതി (provincial fuel tax) ഒഴിവാക്കിയതായും പ്രവിശ്യാ സർക്കാർ അറിയിച്ചു.
പദ്ധതി ആരംഭിച്ചതുമുതൽ 1.45 ദശലക്ഷത്തിലധികം ആൽബർട്ട നിവാസികൾ ഇതിനായി അപേക്ഷിക്കുകയും ആനുകൂല്യം നേടുകയും ചെയ്തിട്ടുണ്ടെന്ന് സർക്കാർ അറിയിച്ചു. അപേക്ഷാ തീയതി നീട്ടുന്നതിലൂടെ, കൂടുതൽ കുടുംബങ്ങൾക്ക് അപേക്ഷിക്കാനും സാമ്പത്തിക സഹായം നേടാനും സാധിക്കുമെന്ന് ട്രഷറി ബോർഡ്-ധനകാര്യ മന്ത്രി ജേസൺ നിക്സൺ പറഞ്ഞു. കൂടുതൽ ആളുകൾക്ക് വേഗത്തിൽ അപേക്ഷാ നടപടികൾ പൂർത്തിയാക്കാൻ സഹായിക്കുന്നതിനായി, ഓൺലൈൻ സംവിധാനത്തിൽ മൂന്നാമതൊരു പേയ്‌മെൻ്റ് രീതി കൂടി ഉൾപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
18 വയസിന് മുകളിൽ പ്രായമുള്ള, വാർഷിക വരുമാനം 225,000 ഡോളറിൽ താഴെയുള്ള അൽബർട്ട നിവാസികൾക്ക് 100 ഡോളർ എനർജി റിബേറ്റിനായി അപേക്ഷിക്കാം. ഒരു വീട്ടിലെ രണ്ട് മുതിർന്ന വ്യക്തികൾക്ക് 200 ഡോളർ വരെ ലഭിക്കും. അർഹരായവർക്ക് Alberta Official Website വഴി അപേക്ഷകൾ സമർപ്പിക്കാം.







