ആൽബർട്ട തലസ്ഥാനമായ എഡ്മിന്‍റനിൽ ദക്ഷിണേഷ്യൻ വംശജരായ സ്ത്രീകളെ ലക്ഷ്യമിട്ട് ആഭരണക്കവർച്ച നടത്തുന്ന സംഘങ്ങൾ സജീവമാകുന്നതായി മുന്നറിയിപ്പ് നൽകി പോലീസ്. ആളുകളുടെ ശ്രദ്ധതിരിച്ച് തന്ത്രപൂർവം ആഭരണങ്ങൾ തട്ടിയെടുത്തിരുന്ന സംഘം, ഇപ്പോൾ ബലപ്രയോഗത്തിലൂടെ കവർച്ച നടത്തുന്ന രീതിയിലേക്ക് മാറിയിട്ടുണ്ടെന്ന് എഡ്മിന്‍റൻ പോലീസ് അറിയിച്ചു. നഗരത്തിലുടനീളം ഓഗസ്റ്റ് 19 മുതൽ ഇതുവരെ ഇരുപതോളം കേസുകളാണ് റിപ്പോർട്ട് ചെയ്തത്.
വീടുകൾ സ്ഥിതി ചെയ്യുന്ന വഴികളിലൂടെ വാഹനങ്ങളിലെത്തുന്ന സംഘം, വഴിയരികിൽ കാണുന്ന പ്രായമായ സ്ത്രീകളെ കണ്ടാൽ വാഹനം നിർത്തി സംസാരിക്കാൻ ശ്രമിക്കും. വഴി ചോദിച്ചോ, പരിചയം നടിച്ചോ ആണ് ഇവർ ആളുകളുടെ ശ്രദ്ധ തിരിക്കുന്നത്. തുടർന്ന് സ്നേഹം പ്രകടിപ്പിക്കാനെന്ന വ്യാജേന അടുത്തു വന്ന് കെട്ടിപ്പിടിക്കുകയോ മാല അണിയിക്കുകയോ ചെയ്യുന്നു. ഇതിനിടയിൽ യഥാർത്ഥ മാല കവർന്ന് പകരം മുക്കുപണ്ടം അണിയിക്കും. ചില സന്ദർഭങ്ങളിൽ സ്ത്രീകളെ ബലമായി കാറിനുള്ളിലേക്ക് വലിച്ചിഴച്ച് ആഭരണങ്ങൾ കവർന്ന് കടന്നുകളയാറുണ്ടെന്നും അധികൃതർ അറിയിച്ചു. ഇത്തരത്തിലുള്ള മോഷണങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ വഴിയിൽ വെച്ച് പെട്ടെന്ന് സംസാരിക്കാൻ ശ്രമിക്കുന്ന അപരിചിതരായ ആളുകളിൽ നിന്ന് വിട്ടുനിൽക്കണമെന്നും, അപരിചിതരുടെ വാഹനങ്ങളുടെ അടുത്തേക്ക് ഒരു കാരണവശാലും പോകരുതെന്നും പൊലീസ് നിർദ്ദേശിച്ചു. കൂടാതെ ആഭരണങ്ങൾ, വിലകൂടിയ വാച്ചുകൾ, ഫോണുകൾ എന്നിവ പുറത്തുകാണുന്ന രീതിയിൽ ധരിക്കുന്നത് ഒഴിവാക്കണം. പണവും എടിഎം കാർഡുകളും ഒരിടത്ത് തന്നെ സൂക്ഷിക്കാതെ പല പോക്കറ്റുകളിലായി വെയ്ക്കുക. സിബ്ബുകളുള്ള ബാഗുകൾ ഉപയോഗിക്കാനും പണവും കാർഡുകളും ഒരുമിച്ച് വയ്ക്കാതെ പല പോക്കറ്റുകളിലായി സൂക്ഷിക്കാനും ശ്രദ്ധിക്കണം. സംശയാസ്പദമായി എന്തെങ്കിലും തോന്നിയാൽ ഉടൻ അവിടെനിന്ന് മാറുകയും 911 എന്ന നമ്പറിൽ പോലീസിനെ വിവരമറിയിക്കുകയും വേണം. സാധ്യമെങ്കിൽ സംശയാസ്പദമായ വാഹനങ്ങളുടെ നമ്പറോ വിവരങ്ങളോ കുറിച്ചെടുക്കണമെന്നും പോലീസ് അഭ്യർത്ഥിച്ചു.







