ഓക്ലഹോമയിലെ എഡ്മണ്ടിൽ ബുധനാഴ്ച ഉച്ചയോടെയാണ് ദാരുണമായ സംഭവം നടക്കുന്നത്. പതിനഞ്ചുകാരനായ സഹോദരനെ വെടിവച്ചുകൊന്ന കേസിൽ പതിനൊന്നുകാരിയായ സഹോദരിയെ പൊലീസ് അറസ്റ്റ് ചെയ്തു. സഹോദരന് വെടിയേറ്റുവെന്ന് പെൺകുട്ടി ഫോൺ വിളിച്ച് അമ്മയെ വിവരം അറിയിക്കുകയായിരുന്നു. എന്നാൽ ഈ കൃത്യം ചെയ്തത് പെൺകുട്ടി തന്നെയാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
സംഭവം നടക്കുമ്പോൾ വീട്ടിൽ ഈ കുട്ടികൾ രണ്ടുപേർ മാത്രമാണ് ഉണ്ടായിരുന്നത്. പെൺകുട്ടിക്കെതിരെ കൊലപാതകക്കുറ്റമാണ് ചുമത്തിയിട്ടുള്ളത്. എന്നാൽ പ്രായപൂർത്തിയാകാത്തതിനാൽ കേസ് ജുവനൈൽ കോടതിയിലായിരിക്കും വിചാരണ ചെയ്യുക. കുട്ടികൾക്ക് എങ്ങനെ തോക്ക് ലഭിച്ചു എന്നതിനെക്കുറിച്ചുള്ള സമഗ്രമായ അന്വേഷണം പൊലീസ് തുടരുന്നുണ്ട്.







