കാനഡയുടെ പരമാധികാരത്തിന്മേൽ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ തുടർച്ചയായ ഭീഷണികൾ നിലനിൽക്കുന്ന സാഹചര്യത്തിൽ, പുതിയ പങ്കാളിത്തങ്ങൾ തേടി കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി ബുധനാഴ്ചസ്ട്രാസ്ബർഗിലെത്തി. യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റിന്റെ സ്റ്റേറ്റ് ഓഫ് ദി യൂണിയൻ അഭിസംബോധനയിൽ പങ്കെടുക്കുന്ന ആദ്യത്തെ വിദേശ സർക്കാർ തലവനാണ് അദ്ദേഹം. കാനഡയും യൂറോപ്പും തമ്മിലുള്ള “അതുല്യമായ സഖ്യത്തെക്കുറിച്ചുള്ള” തന്റെ കാഴ്ചപ്പാടുകൾ വ്യാഴാഴ്ച അദ്ദേഹം യൂറോപ്യൻ യൂണിയൻ പാർലമെന്റിൽ അവതരിപ്പിക്കും.
അമേരിക്കയുമായുള്ള വ്യാപാര യുദ്ധം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ, അയൽരാജ്യത്തെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിന്റെ ഭാഗമായി അടുത്ത ദശാബ്ദത്തിനുള്ളിൽ കാനഡയുടെ മറ്റ് രാജ്യങ്ങളുമായുള്ള വ്യാപാരം ഇരട്ടിയാക്കുമെന്ന് കാർണി പ്രതിജ്ഞയെടുത്തിട്ടുണ്ട്. വ്യാപാരം, പ്രതിരോധം, ഡിജിറ്റൽ സുരക്ഷ എന്നിവയിൽ ആഴത്തിലുള്ള സഹകരണത്തിനായുള്ള സജീവമായ ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് കാനഡയിലെയും യൂറോപ്പിലെയും ഏഴ് ഇയു നയതന്ത്ര ഉദ്യോഗസ്ഥർ റോയിട്ടേഴ്സിനോട് വ്യക്തമാക്കി. ഒക്ടോബർ അവസാനം മോൺട്രിയലിൽ നടക്കുന്ന കാനഡ-ഇയു ഉച്ചകോടിയിൽ കൂടുതൽ വിശദമായ ചർച്ചകൾ ആരംഭിക്കുമെന്ന് ചൊവ്വാഴ്ച കാർണി പറഞ്ഞു.
കാനഡയും യൂറോപ്യൻ യൂണിയനും തമ്മിൽ പങ്കിട്ട സാമ്പത്തിക താൽപ്പര്യങ്ങളും ജനാധിപത്യ മൂല്യങ്ങളുമാണ് ഉള്ളതെന്ന് കനേഡിയൻ വിദേശകാര്യ മന്ത്രി അനിത ആനന്ദ് ചൂണ്ടിക്കാട്ടി. കാനഡയെ യൂറോപ്യൻ യൂണിയന്റെ “അസോസിയേറ്റ് അംഗമാക്കാൻ” കാർണി യൂറോപ്യൻ നേതാക്കൾക്ക് നിർദ്ദേശം നൽകിയിരുന്നതായി വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ഭൂമിശാസ്ത്രപരമായ തടസ്സങ്ങളും നിയമപരമായ പ്രത്യാഘാതങ്ങളും കാരണം കാനഡയ്ക്ക് ഇയു അംഗത്വം ലഭിക്കുന്നത് അസാധ്യമാണെന്ന് നയതന്ത്ര ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു.
വ്യാപാരം വർദ്ധിപ്പിക്കുന്നതിൽ കാര്യമായ തടസ്സങ്ങൾ നിലനിൽക്കുന്നുണ്ട്. ടെലികമ്മ്യൂണിക്കേഷൻ, ഡെയറി എന്നീ രണ്ട് പ്രധാന വ്യവസായങ്ങൾ തുറന്നുനൽകാൻ കാനഡ തയ്യാറാകാത്തതിൽ ഇയു ഉദ്യോഗസ്ഥർക്ക് അമർഷമുണ്ടെന്ന് ടൊറന്റോ സർവകലാശാലയിലെ പൊളിറ്റിക്കൽ ഇക്കണോമി പ്രൊഫസർ മാർക്ക് മാഞ്ചർ പറഞ്ഞു. കാനഡയ്ക്ക് ഇയുവുമായി വ്യാപാര കരാറുണ്ടെങ്കിലും 27 അംഗ രാജ്യങ്ങളിൽ 10 എണ്ണം അത് അംഗീകരിച്ചിട്ടില്ല. എങ്കിലും യൂറോപ്പും കാനഡയും നേരിടുന്ന സമാനമായ വെല്ലുവിളികൾ കാരണം പ്രതിരോധ മേഖലയിൽ സഹകരണം എളുപ്പമാണെന്ന് വിദഗ്ധർ വിലയിരുത്തുന്നു. കാനഡയുടെ പരമാധികാരത്തിന് മേലുള്ള ട്രംപിന്റെ കടന്നുകയറ്റങ്ങളിൽ യൂറോപ്യൻ നേതാക്കൾക്ക് ആശങ്കയുണ്ടെങ്കിലും, ട്രംപിന്റെ കണ്ണിൽ പെടാൻ ഭയന്ന് പലരും കാർണിയുടെ നിലപാടുകളെ പരസ്യമായി പിന്തുണയ്ക്കാൻ മടിക്കുകയാണെന്ന് നയതന്ത്ര ഉദ്യോഗസ്ഥർ പറയുന്നു.







