കാനഡയെ യൂറോപ്യൻ യൂണിയന്റെ ആദ്യ അസോസിയേറ്റ് അംഗമാക്കുന്നതിനുള്ള ചർച്ചകൾക്ക് തുടക്കമിടാൻ യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്ൻ ബുധനാഴ്ച നിർദ്ദേശം വെച്ചു. യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ താരിഫ് നയങ്ങളും കാനഡയെ അമേരിക്കയുടെ 51-ാമത്തെ സംസ്ഥാനമാക്കുമെന്ന ആവർത്തിച്ചുള്ള പരാമർശങ്ങളും ഒട്ടാവയെ യൂറോപ്പിലേക്ക് അടുപ്പിക്കുന്നതിനിടയിലാണ് ഈ സുപ്രധാന നീക്കം.
യൂറോപ്യൻ യൂണിയന്റെ വാർഷിക സ്റ്റേറ്റ് ഓഫ് ദി യൂണിയൻ അഭിസംബോധന ചെയ്യവെയാണ് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയോട് ഒപ്പം ഇരുന്ന് ഉർസുല വോൺ ഡെർ ലെയ്ൻ ഈ പ്രഖ്യാപനം നടത്തിയത്. യൂറോപ്യൻ പാർലമെന്റംഗങ്ങളുടെ എഴുന്നേറ്റുനിന്നുള്ള വലിയ സ്വീകരണമാണ് കാർനിക്ക് ലഭിച്ചത്. അമേരിക്കൻ വ്യാപാര ആശ്രിതത്വം കുറയ്ക്കുന്നതിന്റെ ഭാഗമായി ഇയുവുമായി ഒരു ‘അതുല്യമായ സഖ്യത്തിന്’ മാർക്ക് കാർണി ആഹ്വാനം ചെയ്തിരുന്നു.
നിലവിലുള്ള സ്വതന്ത്ര വ്യാപാര കരാറായ ‘സെറ്റ’ (CETA) കൂടുതൽ വിപുലീകരിച്ചുകൊണ്ട് പൊതുവായ സാമ്പത്തിക സുരക്ഷയും ഐശ്വര്യവും ലക്ഷ്യമിട്ടുള്ള ‘അലയൻസ് ഫോർ ദി ഫ്യൂച്ചർ’ രൂപീകരിക്കുമെന്ന് വോൺ ഡെർ ലെയ്ൻ വ്യക്തമാക്കി. വ്യാവസായികം, പ്രതിരോധം, സാങ്കേതികവിദ്യ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഊർജ്ജം, നിർണായക ധാതുക്കൾ, സൈബർ സുരക്ഷ തുടങ്ങിയ മേഖലകളിൽ ഈ പുതിയ പങ്കാളിത്തം വ്യാപിപ്പിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.
യു.എസിന്റെ താരിഫ് നയങ്ങൾക്കെതിരെ കാനഡ കടുത്ത നിലപാടുകൾ സ്വീകരിക്കുകയും വ്യാപാര വ്യവസ്ഥകളെ എതിർക്കുകയും ചെയ്യുമ്പോൾ, ഇയു വാഷിംഗ്ടണുമായുള്ള വ്യാപാര കരാറിലൂടെ ചില അനുകൂല നിലപാടുകൾ സ്വീകരിച്ചിരുന്നു. വൻശക്തികളുടെ കിടമത്സര കാലത്ത് ഇടത്തരം ശക്തികൾ ഒരുമിച്ച് പ്രവർത്തിക്കണമെന്ന് ജനുവരിയിൽ ഡാവോസിൽ നടന്ന ലോക സാമ്പത്തിക ഫോറത്തിൽ മാർക്ക് കാർണി ആവശ്യപ്പെട്ടിരുന്നു. അമേരിക്കയുടെ അയൽരാജ്യവുമായുള്ള ഇയുവിന്റെ ഈ പുതിയ നീക്കം അന്താരാഷ്ട്ര തലത്തിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചേക്കാം.







