കുടിയേറ്റക്കാർക്ക് ഗ്രീൻ കാർഡും വീസയും സ്വന്തമാക്കുന്നത് കൂടുതൽ സങ്കീർണ്ണമാക്കുന്ന ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പിന്റെ പുതിയ നിയമത്തിനെതിരെ 22 സംസ്ഥാനങ്ങളും കൊളംബിയ ഡിസ്ട്രിക്റ്റും ചേർന്ന് നിയമനടപടികളുമായി മുന്നോട്ട് വന്നിരിക്കുകയാണ്.
സെപ്റ്റംബർ 18-ന് പ്രാബല്യത്തിൽ വരുന്ന ഈ പുതിയ നിയമം അനുസരിച്ച്, മെഡികെയ്ഡ്, ഫുഡ് അസിസ്റ്റൻസ്, ഹൗസിങ് വൗച്ചറുകൾ പോലെയുള്ള സർക്കാർ ആനുകൂല്യങ്ങൾ പ്രയോജനപ്പെടുത്തുന്ന കുടിയേറ്റക്കാർക്ക് ഗ്രീൻ കാർഡ് ലഭിക്കുന്നത് കനത്ത പ്രതിസന്ധിയിലാകും. എന്നാൽ കോൺഗ്രസിന്റെ അനുമതി തേടാതെയാണ് ഡി.എച്ച്.എസ് (DHS) ഈ നിയമം നടപ്പിലാക്കിയതെന്നും, ഇത് ജനങ്ങളിൽ വലിയ തോതിൽ ആശങ്ക പരത്തുന്നുണ്ടെന്നും സംസ്ഥാനങ്ങൾ കോടതിയിൽ സമർപ്പിച്ച പരാതിയിൽ വ്യക്തമാക്കുന്നു. കൂടാതെ, ഈ പുതിയ നിയമം കാരണം രാജ്യത്തുടനീളമുള്ള സംസ്ഥാനങ്ങൾക്ക് ഏകദേശം 405 കോടി ഡോളറിന്റെ ഫെഡറൽ ഫണ്ട് നഷ്ടപ്പെടുമെന്നും പരാതിയിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്.







