“നമ്മുടെ നാടിന്‍റെ സ്നേഹം, നമ്മുടെ കൂട്ടായ്മ, നമ്മുടെ സൗഹൃദം” എന്ന സന്ദേശം ഉയർത്തിപ്പിടിച്ച് കാനഡയിലെ തൃശൂർ ജില്ലക്കാർ മിൽട്ടൺ സ്പോർട്സ് സെന്‍റർ കമ്മ്യൂണിറ്റി പാർക്കിൽ ഒത്തുചേർന്നു. കാനഡയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ തൃശൂർ സ്വദേശികളും കുടുംബാംഗങ്ങളും സുഹൃത്തുക്കളും പങ്കെടുത്ത തൃശൂർ ഗഡീസ് പിക്ക്നിക്ക് 2026 സൗഹൃദത്തിന്‍റെയും കൂട്ടായ്മയുടെയും ആഘോഷമായി മാറി. കാനഡയിലെ തൃശൂർ ജില്ലക്കാരുടെ കൂട്ടായ്മയായ തൃശൂർ ഗഡീസ് ഇൻ കാനഡയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.
2024-ൽ ആരംഭിച്ച തൃശൂർ ഗഡീസിന്‍റെ ആദ്യ പിക്ക്നിക്കിന് ലഭിച്ച മികച്ച പ്രതികരണത്തിന്‍റെ തുടർച്ചയായാണ് ഇത്തവണയും സംഗമം സംഘടിപ്പിച്ചത്. ചെണ്ടമേളം, വടംവലി, കുടുംബ മത്സരങ്ങൾ, കുട്ടികൾക്കായുള്ള ഗെയിമുകൾ, നൃത്തം തുടങ്ങിയ വിവിധ പരിപാടികൾ പിക്ക്നിക്കിന് ആവേശം പകർന്നു. തൃശൂരിന്‍റെ തനത് ആഘോഷാന്തരീക്ഷം ഓർമിപ്പിച്ച ചെണ്ടമേളവും വടംവലി മത്സരവും പ്രധാന ആകർഷണങ്ങളായി. കൂടാതെ നാടൻ രുചിയും ഗൃഹാതുരത്വവും പകരുന്ന വിഭവങ്ങളോടെയുള്ള ഭക്ഷണവിരുന്നും ഒരുക്കിയിരുന്നു.
തൃശൂരിന്‍റെ സാംസ്കാരിക പൈതൃകവും നാടിന്‍റെ സ്നേഹവും സൗഹൃദവും സാഹോദര്യവും കാനഡയിലെ പുതിയ തലമുറയിലേക്കും പകരുകയെന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന തൃശൂർ ഗഡീസ്, വരും വർഷങ്ങളിലും സാമൂഹിക-സാംസ്കാരിക പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുമെന്ന് സംഘാടകർ അറിയിച്ചു.







