കാനഡ – അൽബർട്ടയുടെ സ്വാതന്ത്ര്യ ജനഹിതപരിശോധന അടുത്തുവരുമ്പോൾ, ഇതുവരെ കരുതലോടെ മാത്രം ഇടപെട്ടിരുന്ന പ്രവിശ്യയിലെ വ്യാവസായിക സമൂഹം ഈ ചർച്ചകളിലേക്ക് സജീവമായി കടന്നുവരുന്നു.
ബിസിനസ് കൗൺസിൽ ഓഫ് അൽബർട്ടയുടെ പ്രസിഡന്റായ ആദം ലെഗ് പറയുന്നത്, സ്വാതന്ത്ര്യത്തെ പിന്തുണയ്ക്കുന്ന ജീവനക്കാരും ഉപഭോക്താക്കളുമുള്ള പല കമ്പനികളും പരസ്യമായ നിലപാടുകൾ സ്വീകരിക്കാൻ മടിക്കുന്നുണ്ടെന്നാണ്. എങ്കിലും കൗൺസിലിലെ 130-ലധികം അംഗങ്ങൾ അവരുടെ അഭിപ്രായം വ്യക്തമാക്കിക്കഴിഞ്ഞു: അൽബർട്ടയുടെ ഭാവി കൂടുതൽ സുരക്ഷിതം കാനഡയ്ക്കുള്ളിലാണ്.
വ്യാപാരം, വിപണി പ്രവേശനം, കറൻസി, കടബാധ്യതകൾ, പലിശനിരക്കുകൾ, തൊഴിലവസരങ്ങൾ എന്നിവയിൽ വർഷങ്ങളോളം നീളുന്ന അനിശ്ചിതത്വങ്ങൾക്ക് പ്രവിശ്യയുടെ സ്വാതന്ത്ര്യം കാരണമായേക്കാമെന്ന് കൗൺസിൽ വാദിക്കുന്നു. പ്രവിശ്യയുടെ നിയന്ത്രണത്തിന് അതീതമായ നിരവധി നിർണായക സാമ്പത്തിക ഘടകങ്ങൾ നിലനിൽക്കെ, സ്വതന്ത്ര അൽബർട്ടയ്ക്ക് അതിന്റെ ഭാവിയുടെ മേൽ സ്വയം കൂടുതൽ നിയന്ത്രണം ലഭിക്കുമെന്ന ചിന്താതിഗതി യാഥാർത്ഥ്യബോധമില്ലാത്തതാണെന്ന് ലെഗ് വ്യക്തമാക്കി.
ഒട്ടാവയുടെ നയങ്ങളോട് അൽബർട്ടയിലെ വ്യവസായ സമൂഹത്തിന് പൂർണ്ണ തൃപ്തിയുണ്ടെന്നർത്ഥമില്ല. ഫെഡറൽ നയങ്ങളോട്, പ്രത്യേകിച്ച് റിസോഴ്സ് കമ്പനികൾക്കിടയിലുള്ള ദീർഘകാല നിരാശയെ ലെഗ് അംഗീകരിക്കുന്നുണ്ടെങ്കിലും, കാനഡ വിട്ടുപോകാതെ തന്നെ മികച്ചൊരു പരിഹാരത്തിനായി പ്രവിശ്യയ്ക്ക് ആവശ്യപ്പെടാമെന്ന് അദ്ദേഹം വാദിക്കുന്നു.
സ്വാതന്ത്ര്യ വാദങ്ങൾ കൂടുതൽ ധ്രുവീകരിക്കപ്പെടുന്ന സാഹചര്യത്തിലാണ് കൗൺസിലിന്റെ ഈ മുന്നറിയിപ്പ്. അഭിഭാഷകനായ കീത്ത് വിൽസന്റെ നേതൃത്വത്തിലുള്ള അൽബർട്ട ട്രാൻസിഷൻ കൗൺസിൽ ഉൾപ്പെടെയുള്ള സ്വാതന്ത്ര്യ അനുകൂല ഗ്രൂപ്പുകൾ വാദിക്കുന്നത്, അൽബർട്ടയുടെ പ്രകൃതിവിഭവങ്ങളും കാർഷിക ശക്തിയും കാനഡയുമായും അമേരിക്കയുമായുമുള്ള ചർച്ചകളിൽ പ്രവിശ്യയ്ക്ക് വലിയ മേൽക്കൈ നൽകുമെന്നാണ്.
എന്നാൽ അൽബർട്ടയിലെ വ്യവസായ പ്രമുഖരെ സംബന്ധിച്ചിടത്തോളം, വോട്ടെടുപ്പിന് ശേഷമുള്ള കാര്യങ്ങളാണ് കൂടുതൽ ആശങ്കാജനകം. സ്വാതന്ത്ര്യം കൂടുതൽ നിയന്ത്രണങ്ങൾ വാഗ്ദാനം ചെയ്യുമ്പോഴും, നിലവിലുള്ള നിരാശകൾക്ക് പകരം വർഷങ്ങളോളം നീളുന്ന സാമ്പത്തികവും രാഷ്ട്രീയവുമായ അനിശ്ചിതത്വങ്ങളിലേക്ക് അത് നയിക്കുമെന്ന് അവർ മുന്നറിയിപ്പ് നൽകുന്നു.
ജനഹിതപരിശോധന അടുത്തുവരുമ്പോൾ, മാറ്റങ്ങൾ ആഗ്രഹിക്കുന്ന എന്നാൽ പലരും പരിചയിച്ച ഫെഡറേഷനും, അതിന് പുറത്തുള്ള അനിശ്ചിതത്വ നിറഞ്ഞ ഒരു ഭാവിയും തമ്മിൽ ഏതാണ് തിരഞ്ഞെടുക്കേണ്ടത് എന്ന ചോദ്യത്തിന് മുന്നിലാണ് അൽബർട്ട.







