അമേരിക്കയിൽ ജോലി ചെയ്യുന്ന പ്രൊഫഷണലുകൾക്കായി നൽകുന്ന പ്രധാന തൊഴിൽ വിസയാണ് എച്ച്1ബി. ഇതിന്റെ ഗുണഭോക്താക്കളിൽ 70 ശതമാനവും ഇന്ത്യൻ പ്രൊഫഷണലുകളാണ്. ടിസിഎസ്, ഇൻഫോസിസ്, വിപ്രോ തുടങ്ങിയ ഇന്ത്യൻ ഐടി കമ്പനികളും ഗൂഗിൾ, മൈക്രോസോഫ്റ്റ്, ആമസോൺ പോലുള്ള ആഗോള ഭീമന്മാരും ഈ വിസ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. ഈ വിസയിൽ അമേരിക്കയിൽ ജോലി ചെയ്യുമ്പോൾ തന്നെ സ്ഥിരതാമസത്തിനുള്ള ഗ്രീൻ കാർഡിനായി അപേക്ഷിക്കാനുള്ള അവസരവുമുണ്ട്.
എച്ച്1ബി വിസയുള്ളവരുടെ പങ്കാളികൾക്കും 21 വയസ്സിന് താഴെയുള്ള മക്കൾക്കും അമേരിക്കയിൽ താമസിക്കാൻ അനുവദിക്കുന്ന ആശ്രിത വിസയാണ് എച്ച്4. ഈ വിസയുള്ളവർക്ക് അവിടെ നിയമപരമായി താമസിക്കാനും പഠിക്കാനും ഡ്രൈവിങ് ലൈസൻസ് എടുക്കാനും ബാങ്ക് അക്കൗണ്ട് തുറക്കാനുമൊക്കെ സാധിക്കും. എങ്കിലും, യുഎസിൽ ജോലി ചെയ്യണമെങ്കിൽ ഇവർക്ക് എംപ്ലോയ്മെന്റ് ഓതറൈസേഷൻ ഡോക്ുമെന്റ് (ഇഎഡി) അതായത് തൊഴിൽ അനുമതി രേഖ ആവശ്യമാണ്. 2014-2017 കാലയളവിൽ ഈ തൊഴിൽ അനുമതിക്കായി അപേക്ഷിച്ച എച്ച്4 വിസക്കാരിൽ 93 ശതമാനവും ഇന്ത്യക്കാരായിരുന്നു, അതിൽ തന്നെ 94 ശതമാനവും വനിതകളാണ്.
എന്നാൽ, എച്ച്1ബി വിസക്കാരുടെ ആശ്രിതരായ എച്ച്4 വിസക്കാർക്ക് തൊഴിൽ അനുമതി നൽകുന്ന രീതി പൂർണ്ണമായി നിർത്തലാക്കാൻ യുഎസ് ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പ് പുനരാലോചന നടത്തിവരുന്നത് വിദേശികളായ, പ്രത്യേകിച്ച് ഇന്ത്യൻ കുടുംബങ്ങൾക്ക് വലിയൊരു തിരിച്ചടിയായി മാറിയിരിക്കുകയാണ്. വിസ നിയമങ്ങളിലെ ഇത്തരം കർശന നിയന്ത്രണങ്ങൾ യുഎസിലെ പ്രൊഫഷണലുകളുടെയും അവരുടെ കുടുംബങ്ങളുടെയും ഭാവിയെ പ്രതികൂലമായി ബാധിക്കുന്ന ഒന്നാണ്.
ട്രംപ് ഭരണകൂടത്തിന്റെ പുതിയ ഭീഷണികൾ
2015-ലാണ് എച്ച്്-1ബി വീസക്കാരുടെ ആശ്രിതർക്ക് തൊഴിൽ അനുമതി രേഖകൾക്ക് (ഇഎഡി) അപേക്ഷിക്കാൻ അനുവദിക്കുന്ന നയം ആവിഷ്കരിച്ചത്. ഇത് റദ്ദാക്കാനാണ് ട്രംപ് ഭരണകൂടത്തിന്റെ ലക്ഷ്യമെന്ന് ഔദ്യോഗിക വെബ്സൈറ്റിലൂടെ മനസിലാക്കാം. എച്ച് 4 വീസയുള്ളവർക്ക് അമേരിക്കയിൽ കഴിയാമെങ്കിലും ജോലി ചെയ്യാൻ അനുവദിക്കില്ലെന്ന് സാരം. യുഎസിൽ ജോലിക്കായി എത്തുന്ന വിദേശികളെ ആശങ്കപ്പെടുത്തുന്ന നീക്കങ്ങളാണ് ട്രംപ് ഭരണകൂടം അടുത്തിടയായി നടത്തുന്നത്.
എച്ച്1 ബി വീസ ഫീസ് 1,03,265 ഡോളറായി (ഏതാണ്ട് ഒരു കോടിയോളം രൂപ) ഉയർത്തുന്നത് ട്രംപ് നിർദ്ദേശിച്ചിരുന്നു. എച്ച്1 ബി വീസയിൽ എത്തുന്നവർക്ക് ജോലി നഷ്ടപ്പെടുത്തിയതിന് ശേഷം പുതിയത് കണ്ടെത്തുന്നതിനുള്ള 60 ദിവസത്തെ ഗ്രേസ് പിരീഡ് ഇല്ലാതാക്കാനുള്ള നീക്കവും നടക്കുന്നുണ്ട്. എന്നാൽ, ഇവ നിർദ്ദേശങ്ങൾ മാത്രമെന്നും ഇതുവരെ അന്തിമ തീരുമാനമായിട്ടില്ലെന്നും യുഎസ് ഡിപ്പാർട്ട്മെന്റ് ഓഫ് ഹോംലാൻഡ് (ഡിഎച്ച്എസ്) വ്യക്തമാക്കുന്നു.
ഇന്ത്യൻ കുടുംബങ്ങൾക്ക് ആശങ്കയേറുന്നു
എച്ച്1ബി വീസയ്ക്ക് അപേക്ഷിക്കുന്നവരിൽ ഭൂരിഭാഗം ഇന്ത്യൻകാരായതിനാൽ പുതിയ നീക്കം ഏറ്റവുമധികം ബാധിക്കുന്നത് ഇന്ത്യൻ കുടുംബങ്ങളെയാണ്. 2024ലെ സാമ്പത്തിക വർഷത്തിൽ എച്ച് 1ബി വീസയ്ക്ക് അപേക്ഷിച്ചവരിൽ 71 ശതമാനം പേരും ഇന്ത്യൻകാരായിരുന്നെന്ന് യുഎസ്സിഐഎസ് വ്യക്തമാക്കുന്നുണ്ട്. രണ്ട് വരുമാനമുള്ള കുടുംബങ്ങൾ പെട്ടെന്ന് ഏക വരുമാനത്തിലേക്ക് മാറേണ്ടി വരുന്നത് വലിയ സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കും. നിലവിൽ എച്ച്4 വീസയും ഇഎഡിയും ഉള്ളവർക്ക് ധൈര്യമായി യുഎസിൽ തുടരാം. നേരത്തെ 2017ൽ ഡൊണാൾഡ് ട്രംപ് അധികാരത്തിലേറിയപ്പോഴും എച്ച്4 വീസക്കാരുടെ ഇഎഡി അനുമതി നിരോധിക്കണമെന്ന് നിർദ്ദേശം നൽകിയിരുന്നു. എന്നാൽ ഈ നിർദ്ദേശം 2021ൽ പിൻവലിക്കുന്നത് വരെ അന്തിമമായിരുന്നില്ല.
പാസ്പോർട്ടിലെ കടുപിടിത്തത്തിന് കോടതിയുടെ സ്റ്റേ
യൂഎസിൽ ജനിക്കുന്ന കുട്ടികൾക്ക് സ്വാഭാവിക പൗരത്വം ഉറപ്പുനൽകുന്ന ഭരണഘടനപരമായ അവകാശം പരിമിതപ്പെടുത്താനുള്ള ട്രംപിന്റെ പുതിയ നീക്കത്തിന് കോടതിയിൽ നിന്ന് തിരിച്ചടി ഉണ്ടായി. ഏതൊരാൾക്കും ഭരണഘടനയുടെ പതിനാലാം ഭേദഗതി പ്രകാരം സ്വാഭാവിക പൗരത്വത്തിന് അവകാശമുണ്ടെന്നും മേരിലാൻഡിലെ യുഎസ് ഫെഡറൽ ജഡ്ജ് ഡെബ്ര എൽ. ബോർഡ്മാൻ വ്യക്തമാക്കി. മാതാപിതാക്കൾ സ്വന്തം യുഎസ് പൗരത്വമോ കുടിയേറ്റ പദവിയോ തെളിയിച്ചാലേ കുട്ടികൾക്ക് പാസ്പോർട്ട് അനുവദിക്കൂ എന്നായിരുന്നു കർട് നിർദ്ദേശം.







