ഓട്ടവ — കനേഡിയൻ ധനകാര്യ മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം, 2026–27 സാമ്പത്തിക വർഷത്തിലെ ആദ്യ മൂന്ന് മാസങ്ങളിൽ രാജ്യത്തിന്റെ ഫെഡറൽ സാമ്പത്തിക കമ്മി വൻതോതിൽ കുറഞ്ഞു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 6.28 ബില്യൺ കനേഡിയൻ ഡോളറായിരുന്ന കമ്മി ഇത്തവണ 370 മില്യൺ ഡോളറായിട്ടാണ് ചുരുങ്ങിയത്.
2026 ഏപ്രിൽ മുതൽ ജൂൺ വരെയുള്ള വിവരങ്ങൾ അടങ്ങിയ ധനകാര്യ മന്ത്രാലയത്തിന്റെ സാമ്പത്തിക വിലയിരുത്തൽ അനുസരിച്ച്, കഴിഞ്ഞ വർഷത്തെ ആദ്യ പാദത്തെ അപേക്ഷിച്ച് സർക്കാരിന്റെ സാമ്പത്തിക ഭദ്രതയിൽ വലിയ പുരോഗതി രേഖപ്പെടുത്തിയിട്ടുണ്ട്.
ആദ്യ മൂന്ന് മാസങ്ങളിൽ സർക്കാരിന്റെ മൊത്തം വരുമാനം 132.64 ബില്യൺ കനേഡിയൻ ഡോളറിലെത്തി. കഴിഞ്ഞ വർഷത്തെ 120.84 ബില്യൺ ഡോളറിനേക്കാൾ 11.8 ബില്യൺ ഡോളറിന്റെ (9.8%) വർദ്ധനവാണിത്. വ്യക്തിഗത-കോർപ്പറേറ്റ് ആദായനികുതി, ജിഎസ്ടി പിരിവ്, മറ്റ് സർക്കാർ വരുമാനങ്ങൾ എന്നിവയിലുണ്ടായ ഉയർന്ന വളർച്ചയാണ് വരുമാന വർദ്ധനവിന് പ്രധാന കാരണമെന്ന് ധനകാര്യ മന്ത്രാലയം വ്യക്തമാക്കി.
അതേസമയം, സർക്കാരിന്റെ മൊത്തം ചെലവുകളിൽ കുറവുണ്ടായിട്ടല്ല ഈ സാമ്പത്തിക പുരോഗതി കൈവരിച്ചത്.
സർക്കാറിന്റെ പദ്ധതി ചെലവുകൾ (Program expenses) 4.3% വർധിച്ച് 117.16 ബില്യൺ കനേഡിയൻ ഡോളറിലെത്തി. കൂടാതെ, ഉയർന്ന പലിശനിരക്ക് കാരണം കടത്തിൻമേലുള്ള പലിശ തിരിച്ചടവും (Public debt charges) 6.1% വർധിച്ച് 14.61 ബില്യൺ ഡോളറായി. ചെലവുകൾ ഉയർന്നുവെങ്കിലും, വരുമാനത്തിലുണ്ടായ വൻ വർദ്ധനവ് കമ്മി വലിയ തോതിൽ കുറയ്ക്കാൻ സഹായിച്ചു. ആക്ചൂറിയൽ നഷ്ടങ്ങൾ (net actuarial losses) കണക്കാക്കുന്നതിന് മുമ്പ് ഏപ്രിൽ-ജൂൺ കാലയളവിൽ 875 മില്യൺ ഡോളറിന്റെ മിച്ചം (Surplus) രേഖപ്പെടുത്തിയിരുന്നു. കഴിഞ്ഞ വർഷം ഇതേ സമയത്ത് ഇത് 5.27 ബില്യൺ ഡോളറിന്റെ കമ്മിയായിരുന്നു. ആക്ചൂറിയൽ നഷ്ടം കൂടി ഉൾപ്പെടുത്തിയപ്പോഴാണ് അന്തിമ കമ്മി 370 മില്യൺ ഡോളറായത്.
ജൂൺ മാസത്തിൽ മാത്രം 989 മില്യൺ കനേഡിയൻ ഡോളറിന്റെ ബജറ്റ് മിച്ചം കൈവരിക്കാൻ ഓട്ടാവയ്ക്ക് സാധിച്ചു. എന്നാൽ 2025 ജൂണിലെ 3.63 ബില്യൺ ഡോളർ മിച്ചവുമായി താരതമ്യം ചെയ്യുമ്പോൾ ഇത് കുറവാണ്.
പ്രധാനമന്ത്രി മാർക്ക് കാർണിയുടെ സർക്കാരിന് ആദ്യപാദ ഫലങ്ങൾ ആശ്വാസം നൽകുന്നതാണെങ്കിലും, ഇത് സാമ്പത്തിക വർഷത്തിലെ ആദ്യ മൂന്ന് മാസത്തെ കണക്കുകൾ മാത്രമായതിനാൽ കാനഡയുടെ സാമ്പത്തിക കമ്മി പ്രശ്നങ്ങൾ പൂർണ്ണമായും പരിഹരിക്കപ്പെട്ടു എന്ന് പറയാനാവില്ല.
2026–27 സാമ്പത്തിക വർഷത്തിൽ മൊത്തത്തിൽ 65.3 ബില്യൺ ഡോളറിന്റെ കമ്മി ഉണ്ടാകുമെന്നാണ് സർക്കാരിന്റെ പ്രതീക്ഷ. ഇത് ഘട്ടങ്ങളായി കുറഞ്ഞ് 2030–31 ഓടെ 53.2 ബില്യൺ ഡോളറായി കുറയ്ക്കാനാണ് ലക്ഷ്യമിടുന്നത്. ദൈനംദിന പ്രവർത്തന ചെലവുകൾ സ്വന്തം വരുമാനത്തിൽ നിന്ന് കണ്ടെത്താനും, മൂലധന നിക്ഷേപങ്ങൾക്കായി മാത്രം വായ്പകൾ ഉപയോഗിക്കാനുമാണ് സർക്കാരിന്റെ തീരുമാനം.
എന്തായാലും, കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ശക്തമായ വരുമാന വളർച്ചയോടെ ചെറിയ സാമ്പത്തിക കമ്മിയുമായി പുതിയ സാമ്പത്തിക വർഷം ആരംഭിക്കാൻ കഴിഞ്ഞത് ഫെഡറൽ സർക്കാരിന് വലിയ നേട്ടമാണ്.







