
മിൽപിറ്റാസ് (കാലിഫോർണിയ): അമേരിക്കയിലെ കാലിഫോർണിയയിലുള്ള മിൽപിറ്റാസിൽ രണ്ട് മലയാളി സ്ത്രീകൾ ദാരുണമായി കൊല്ലപ്പെട്ടു. തൃശൂർ മണ്ണുത്തി മൂടിക്കോട് സ്വദേശി അഞ്ജന ഹരി (35), തിരുവനന്തപുരം കേശവദാസപുരം സ്വദേശി ആൻസ് മേരി മാത്യു (40) എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇവരുടെ സുഹൃത്തും അയൽവാസിയുമായ കോട്ടയം മൂന്നിലവ് സ്വദേശി അനിലയെ (32) യുഎസ് പോലീസ് കസ്റ്റഡിയിലെടുത്തു.
തൃശൂർ സ്വദേശിയായ അഞ്ജന ഹരി ഭർത്താവ് വിജീഷിനും ആറുവയസ്സുള്ള മകൾക്കുമൊപ്പം മിൽപിറ്റാസിലെ അപ്പാർട്ട്മെന്റിലാണ് താമസിച്ചിരുന്നത്. തിരുവനന്തപുരം സ്വദേശിയായ ആൻസ് മേരി മാത്യു അധ്യാപികയായി ജോലി ചെയ്തുവരികയായിരുന്നു. ഇതേ അപ്പാർട്ട്മെന്റ് കോംപ്ലക്സിൽ താമസിച്ചിരുന്ന കോട്ടയം സ്വദേശി അനിലയെയാണ് സംഭവവുമായി ബന്ധപ്പെട്ട് യുഎസ് പോലീസ് നിലവിൽ കസ്റ്റഡിയിലെടുത്തിരിക്കുന്നത്.
കൊല്ലപ്പെട്ടവരും പ്രതിയായ യുവതിയും അടുത്ത സുഹൃത്തുക്കളായിരുന്നു എന്ന് ബന്ധുക്കൾ വ്യക്തമാക്കുന്നു. സംഭവം നടക്കുന്നതിന് തൊട്ടുമുൻപത്തെ ദിവസം മൂവരും ഒരുമിച്ച് ഓണാഘോഷ പരിപാടികളിൽ പങ്കെടുക്കുകയും തിയേറ്ററിൽ പോയി സിനിമ കാണുകയും ചെയ്തിരുന്നു. എന്നാൽ തുടർന്നുണ്ടായ സംഭവവികാസങ്ങളിൽ, പ്രതി ആദ്യം ആൻസ് മേരി മാത്യുവിന്റെ അപ്പാർട്ട്മെന്റിൽ കയറി കുത്തിക്കൊലപ്പെടുത്തുകയും, അതിനുശേഷം അഞ്ജനയെ ഫോണിൽ വിളിച്ച് പാർക്കിംഗ് ഏരിയയിലേക്ക് ഇറങ്ങാൻ ആവശ്യപ്പെട്ട് കാറിടിച്ച് വീഴ്ത്തി കൊലപ്പെടുത്തുകയുമായിരുന്നു എന്നാണ് ലഭ്യമാകുന്ന വിവരം.
ഡിക്സൺ ലാൻഡിംഗ് റോഡിൽ ഹിറ്റ് ആൻഡ് റൺ കേസ് റിപ്പോർട്ട് ചെയ്തതിനെത്തുടർന്ന് മിൽപിറ്റാസ് പോലീസ് സ്ഥലത്തെത്തുകയായിരുന്നു. പാർക്കിംഗ് സ്ഥലത്ത് ഗുരുതരമായി പരിക്കേറ്റ നിലയിൽ അഞ്ജനയെ കണ്ടെത്തുകയും, സമീപത്തുള്ള മറ്റൊരു പാർക്കിംഗ് ലോട്ടിൽ നിന്നും മുൻവശം തകർന്ന നീല എസ്.യു.വി കാറുമായി പ്രതിയായ അനിലയെ പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. കൊലപാതകത്തെക്കുറിച്ച് സാൻ ഫ്രാൻസിസ്കോയിലെ ഇന്ത്യൻ കോൺസുലേറ്റുമായി സംസാരിച്ചതായി കേന്ദ്രമന്ത്രി സുരേഷ് ഗോപി സ്ഥിരീകരിച്ചു. യുഎസ് പോലീസിന്റെ നിയമനടപടികൾ പൂർത്തിയായ ശേഷം മൃതദേഹങ്ങൾ വേഗത്തിൽ നാട്ടിലെത്തിക്കാനുള്ള രേഖകളും സഹായങ്ങളും കോൺസുലേറ്റ് നൽകിവരുന്നു.






