വയനാട് ജില്ലയിൽ വനംവകുപ്പ് മുറിച്ചിട്ട ലക്ഷക്കണക്കിന് രൂപ വിലമതിക്കുന്ന മരങ്ങൾ വെയിലും മഴയുമേറ്റ് കാടുകളിലും പാതയോരങ്ങളിലും കിടന്ന് നശിക്കുകയാണ്. ചെതലയം റേഞ്ചിലെ ഇരുളം, മാതമംഗലം, തേക്ക് പ്ലാന്റേഷൻ, പാമ്പ, പൂകലമാളം തുടങ്ങിയ ഭാഗങ്ങളിൽ തേക്കുൾപ്പെടെയുള്ള വിലകൂടിയ തടികൾ മണ്ണോടുചേരുന്ന അവസ്ഥയിലാണ്. ഇവ സുരക്ഷിതമായി കുപ്പാടി മരം ഡിപ്പോയിൽ എത്തിച്ച് ലേലം ചെയ്താൽ വനംവകുപ്പിന് വലിയ തുക വരുമാനമായി ലഭിക്കുമായിരുന്നെങ്കിലും, ഡിപ്പോയിലേക്ക് മാറ്റാനുള്ള സാമ്പത്തിക ലഭ്യതയില്ലെന്ന കാരണം പറഞ്ഞ് അധികൃതർ ഇത് അവഗണിക്കുകയാണ്. ഇതിനുപുറമേ, വനയോര നിവാസികൾക്ക് വിറകിനായി പോലും ഇവ വിട്ടുനൽകാൻ തയ്യാറാകാത്ത നിലപാടാണ് ഉദ്യോഗസ്ഥർ സ്വീകരിക്കുന്നത്.
കാടുകളിൽ നശിച്ചുപോകുന്ന കോടികളുടെ മരങ്ങൾ കൃത്യസമയത്ത് വിറ്റഴിച്ചാൽ വകുപ്പിന്റെ സാമ്പത്തിക പ്രതിസന്ധി ഒരുപരിധിവരെ പരിഹരിക്കാൻ സാധിക്കും. എന്നാൽ, സാമ്പത്തിക ലഭ്യതയില്ലെന്ന കാരണം ഉന്നയിച്ച് വന്യമൃഗശല്യം തടയുന്നതിനുള്ള പ്രതിരോധ നടപടികളും നഷ്ടപരിഹാര വിതരണവും വൈകിപ്പിക്കുകയാണ് ചെയ്യുന്നത്. ഇതിനിടയിൽ, മനുഷ്യ-വന്യമൃഗ സംഘർഷം പരിഹരിക്കുന്നതിനായി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അനുവദിക്കുന്ന ഫണ്ടുകൾ വകമാറ്റി, ഉദ്യോഗസ്ഥരുടെ താല്പര്യപ്രകാരം ആവശ്യത്തിലധികം കെട്ടിടങ്ങളും ഓഫീസുകളും നിർമിക്കാൻ ഉപയോഗിക്കുന്നതായി ആരോപണമുണ്ട്. പലയിടത്തും നിർമിച്ച ഇത്തരം കെട്ടിടങ്ങൾ ഉപയോഗിക്കാതെ വെറുതെ കിടന്ന് നശിക്കുമ്പോൾ, കഴിഞ്ഞ ഒരു പതിറ്റാണ്ടിൽ ജില്ലയിൽ നടത്തിയ പ്രവർത്തനങ്ങളുടെയും ചെലവഴിച്ച തുകയുടെയും വിവരങ്ങൾ പുറത്തുവിടണമെന്ന് വിവിധ സംഘടനകൾ ആവശ്യപ്പെടുന്നുണ്ട്.







