ഇമിഗ്രേഷൻ ചട്ടങ്ങൾ ലംഘിക്കുക, അഭയാർത്ഥി അപേക്ഷകൾ തള്ളപ്പെടുക, വിസ കാലാവധി കഴിഞ്ഞും തുടരുക, വിസ തട്ടിപ്പുകളിൽ പെടുക എന്നിവയെത്തുടർന്നാണ് കാനഡ പ്രധാനമായും ഇന്ത്യൻ പൗരന്മാരെ നാടുകടത്തുന്നത്.
2026-ന്റെ ആദ്യ ആറു മാസത്തിനുള്ളിൽ 3,323 ഇന്ത്യൻ പൗരന്മാരെയാണ് കാനഡ നാടുകടത്തിയത്. ഔദ്യോഗിക വിവരങ്ങൾ അനുസരിച്ച്, മുൻ വർഷങ്ങളിലെ റെക്കോർഡുകളെല്ലാം മറികടക്കുന്ന രീതിയിലാണ് ഈ കണക്കുകൾ മുന്നേറുന്നത്. കാനഡ ബോർഡർ സർവീസസ് ഏജൻസി (CBSA) പുറത്തുവിട്ട വിവര പ്രകാരം, 2025 മുഴുവൻ നടപ്പിലാക്കിയ നാടുകടത്തലിന്റെ (3,779 പേർ) ഏകദേശം 88 ശതമാനത്തോളം വരും ഈ വർഷത്തെ ആദ്യ പകുതിയിലെ മാത്രം കണക്ക്.
അന്താരാഷ്ട്ര വിദ്യാർത്ഥികളും താൽക്കാലിക തൊഴിലാളികളും ഉൾപ്പെടെയുള്ള താൽക്കാലിക താമസക്കാരുടെ എണ്ണം കുറച്ചുകൊണ്ടുവരാനും ഇമിഗ്രേഷൻ നയങ്ങൾ ശക്തമാക്കാനും കാനഡ തീരുമാനിച്ച സാഹചര്യത്തിലാണ് ഈ പുതിയ വിവരങ്ങൾ പുറത്തുവരുന്നത്.
കണക്കുകളും വിവരങ്ങളും
2026-ന്റെ ആദ്യ പകുതിയിൽ കാനഡ നാടുകടത്തിയ വിദേശ പൗരന്മാരിൽ ഏറ്റവും കൂടുതൽ പേർ ഇന്ത്യക്കാരാണ്. 1,573 പേരെ നാടുകടത്തിയ മെക്സിക്കോയെ പിന്നിലാക്കിയാണ് ഇത്തവണ ഇന്ത്യ പട്ടികയിൽ ഒന്നാമതെത്തിയത്. കഴിഞ്ഞ അഞ്ച് വർഷമായി നാടുകടത്തപ്പെട്ടവരുടെ പട്ടികയിൽ മെക്സിക്കോ ഒന്നാമതും ഇന്ത്യ രണ്ടാം സ്ഥാനത്തുമായിരുന്നു നിലകൊണ്ടിരുന്നത്. ഇതിനുമുമ്പ് 2020-ലാണ് ഇന്ത്യക്കാർ ഈ പട്ടികയിൽ ഒന്നാമതെത്തിയത് (1,424 പേർ).
കാനഡ ബോർഡർ സർവീസസ് ഏജൻസി (CBSA) പുറത്തുവിട്ട വർഷം തിരിച്ചുള്ള കണക്കുകൾ പ്രകാരം 2021-ൽ 603, 2022-ൽ 786, 2023-ൽ 1,132, 2024-ൽ 2,004 എന്നിങ്ങനെയായിരുന്നു കാനഡയിൽ നിന്ന് നാടുകടത്തപ്പെട്ട ഇന്ത്യക്കാരുടെ എണ്ണം. കൂടാതെ, ‘റിമൂവൽ ഇൻ പ്രോഗ്രസ് ഇൻവെന്ററി’ അഥവാ നാടുകടത്തൽ നടപടികൾ പുരോഗമിക്കുന്നവരുടെ പട്ടികയിലും ഇന്ത്യക്കാരാണ് മുൻപന്തിയിലുള്ളത്. നിലവിൽ 7,669 പേരാണ് നടപടികൾ പൂർത്തിയാക്കി തിരികെപ്പോകാനായി കാത്തിരിക്കുന്നത്.
മൂന്ന് തരം റിമൂവൽ ഓർഡറുകൾ
കാനഡ പ്രധാനമായും മൂന്ന് തരത്തിലുള്ള നാടുകടത്തൽ ഉത്തരവുകളാണ് നടപ്പിലാക്കുന്നത്. ആദ്യത്തേതായ ‘ഡിപ്പാർച്ചർ ഓർഡർ’ (Departure Order) പ്രകാരം ബന്ധപ്പെട്ട വ്യക്തി 30 ദിവസത്തിനുള്ളിൽ സ്വമേധയാ കാനഡ വിട്ടുപോകേണ്ടതുണ്ട്; അല്ലാത്തപക്ഷം ഇത് സ്വയം നാടുകടത്തൽ ഉത്തരവായി മാറും. രണ്ടാമത്തേതായ ‘എക്സ്ക്ലൂഷൻ ഓർഡർ’ (Exclusion Order) അനുസരിച്ച് 1 മുതൽ 5 വർഷം വരെയുള്ള നിശ്ചിത കാലയളവിലേക്ക് വ്യക്തിക്ക് കാനഡയിലേക്ക് തിരികെ പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തുന്നു. മൂന്നാമത്തെ ‘ഡിപോർട്ടേഷൻ ഓർഡർ’ (Deportation Order) ആകട്ടെ, കാനഡ സർക്കാരിന്റെ പ്രത്യേക രേഖാമൂലമുള്ള അനുമതിയില്ലാതെ രാജ്യത്തേക്ക് തിരികെ വരുന്നതിന് സ്ഥിരമായ വിലക്കാണ് ഏർപ്പെടുത്തുന്നത്.
യുണൈറ്റഡ് സ്റ്റേറ്റ്സ് നാടുകടത്തിയ ഇന്ത്യൻ പൗരന്മാരുടെ എണ്ണത്തേക്കാൾ രണ്ടര ഇരട്ടിയിലധികമാണ് ഈ വർഷത്തെ കാനഡയുടെ കണക്ക്. ജനുവരി 1-നും ജൂലൈ 22-നും ഇടയിൽ 1,273 ഇന്ത്യൻ പൗരന്മാരെ യു.എസ്. നാടുകടത്തിയതായി കഴിഞ്ഞ മാസം വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു.







