അമേരിക്കയിലെ അസൈലം നയത്തിൽ പൊതുചർച്ചകളില്ലാതെ ട്രംപ് ഭരണകൂടം വരുത്തിയ മാറ്റത്തിലൂടെ ആയിരങ്ങൾ നാടുകടത്തൽ ഭീഷണിയിലായി. വൈകിയെത്തിയ നാല് ലക്ഷത്തിലധികം അസൈലം അപേക്ഷകൾ ഇനി മുതൽ പ്രാരംഭ അഭിമുഖങ്ങളില്ലാതെ നേരിട്ട് നാടുകടത്തൽ നടപടികളിലേക്ക് മാറ്റും.
ഏകദേശം 4,44,724 വൈകിയെത്തിയ അസൈലം കേസുകളാണ് ഇത്തരത്തിൽ നേരിട്ട് ഇമ്മിഗ്രേഷൻ കോടതികളിലേക്ക് വഴിതിരിച്ചുവിട്ടിരിക്കുന്നത്. അതേസമയം കേസുകളുടെ കെട്ടിക്കിടപ്പുകൾ ഒഴിവാക്കുന്നതിനും, സിസ്റ്റത്തിലെ ചൂചണങ്ങൾ തടയാനും വേണ്ടിയാണ് ഈ തീരുമാനമെന്ന് അധികൃതർ വ്യക്തമാക്കി.
എന്നാൽ സങ്കീർണ്ണമായ നിയമങ്ങളിലെ ആശയക്കുഴപ്പവും മാനസിക ബുദ്ധിമുട്ടുകളും കാരണമാണ് പലപ്പോഴും അപേക്ഷകൾ വൈകുന്നതെന്നും, യഥാർത്ഥ അർഹതയുള്ളവർക്ക് പോലും തങ്ങളുടെ ഭാഗം ന്യായീകരിക്കാൻ അവസരം ലഭിക്കാതെ പുറത്താക്കപ്പെടാൻ ഇത് ഇടയാക്കുമെന്നും മനുഷ്യാവകാശ പ്രവർത്തകർ മുന്നറിയിപ്പ് നൽകുന്നു. നോട്ടീസോ പൊതുചർച്ചയോ ഇല്ലാതെയുള്ള ഈ നീതികേടിനെതിരെ നിയമപോരാട്ടത്തിനൊരുങ്ങുകയാണ് നിയമവിദഗ്ധർ.







