ന്യൂജഴ്സിയിൽ നടന്ന സമ്മര്‍ ക്യാമ്പില്‍ മാജിക് മഷ്റൂം കലര്‍ത്തിയതായി സംശയിക്കുന്ന ചോക്ലേറ്റ് കഴിച്ചതിനെ തുടര്‍ന്ന് 13 കുട്ടികള്‍ക്ക് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടു. കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഈസ്റ്റ് ഓറഞ്ചിലെ നോര്‍ത്ത് ആര്‍ലിങ്ടണ്‍ അവന്യൂവിലുള്ള വൈഎംസിഎ ഡേ ക്യാമ്പിൽ പങ്കെടുത്ത 10 മുതല്‍ 13 വയസ് വരെ പ്രായമുള്ള കുട്ടികളാണ് ബാധിതർ. രാവിലെ 11 മണിയോടെ നിരവധി കുട്ടികള്‍ക്ക് ഗുരുതര അസ്വസ്ഥത അനുഭവപ്പെട്ടതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് അടിയന്തര രക്ഷാസേനയും പൊലീസും സ്ഥലത്തെത്തി. കുട്ടികള്‍ക്ക് അസ്വാഭാവിക പ്രതികരണം ശ്രദ്ധയില്‍പ്പെട്ട ഉടന്‍ തന്നെ അടിയന്തര സുരക്ഷാ നടപടികള്‍ സ്വീകരിച്ചെന്നും, ആംബുലന്‍സ്, പൊലീസ്, രക്ഷിതാക്കള്‍ എന്നിവരെ ഉടന്‍ വിവരം അറിയിച്ചെന്നും വൈഎംസിഎ അധികൃതര്‍ വ്യക്തമാക്കി.
മയക്കുമരുന്ന് കലര്‍ന്ന ഭക്ഷ്യവസ്തുക്കളുമായി ബന്ധപ്പെട്ട സംഭവങ്ങളെ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും, സംശയിക്കുന്ന ചോക്ലേറ്റ് ഒരു കുട്ടിയുടെ കൈവശം എങ്ങനെ എത്തി, ഇതില്‍ ക്രിമിനല്‍ കുറ്റകൃത്യം നടന്നിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ വിശദമായി അന്വേഷിക്കുകയാണെന്നും ഈസ്റ്റ് ഓറഞ്ച് പൊലീസ് മേധാവി ഫിലിസ് ബിന്‍ഡി അറിയിച്ചു. പരിചയമില്ലാത്തവരില്‍ നിന്നോ മറ്റ് കുട്ടികളില്‍ നിന്നോ ലഭിക്കുന്ന ഭക്ഷണവും മിഠായികളും പരിശോധിക്കാതെ കഴിക്കരുതെന്ന് കുട്ടികളെ ബോധവല്‍ക്കരിക്കാന്‍ മാതാപിതാക്കളോടും രക്ഷിതാക്കളോടും അന്വേഷണ ഉദ്യോഗസ്ഥര്‍ അഭ്യര്‍ഥിച്ചു.







