കാനഡയിൽ നിന്ന് വേർപെട്ട് സ്വതന്ത്ര രാജ്യമായി മാറിയാൽ ആൽബർട്ട വലിയ സാമ്പത്തിക തിരിച്ചടി നേരിടേണ്ടി വരുമെന്ന് പുതിയ റിപ്പോർട്ട്. വേർപിരിയൽ കാരണം തുടക്കത്തിൽ തന്നെ ഏകദേശം 170 ബില്യൺ ഡോളർ വരെ ബാധ്യതയാണ് ആൽബർട്ടയെ കാത്തിരിക്കുന്നതെന്ന് ‘യൂണിവേഴ്സിറ്റി ഓഫ് കാൽഗറി സ്കൂൾ ഓഫ് പബ്ലിക് പോളിസി’ നടത്തിയ പഠനത്തിൽ പറയുന്നു. അതേസമയം വേർപിരിയൽ ദീർഘകാലാടിസ്ഥാനത്തിൽ ആൽബർട്ടയ്ക്ക് നേട്ടമുണ്ടാകുമോ എന്നത് വ്യക്തമല്ല. ഒക്ടോബർ 19-ന് നടക്കുന്ന ജനഹിതപരിശോധനയിൽ കാനഡയിൽ തുടരണമോ അതോ വേർപിരിയണമോ എന്ന് ആൽബർട്ടയിലെ ജനങ്ങൾ വോട്ടെടുപ്പിലൂടെ തീരുമാനിക്കും.
വേർപിരിയലിലൂടെ ആദ്യ 5 വർഷത്തിനുള്ളിൽ ആൽബർട്ടയുടെ മൊത്ത ആഭ്യന്തര ഉൽപ്പാദനം 10.1% കുറയും. കൂടാതെ തൊഴിലവസരങ്ങളിൽ 10% ഇടിവുണ്ടാകും. ഒരു സാധാരണ തൊഴിലാളിയുടെ വാർഷിക വരുമാനത്തിൽ $5,500 ഡോളറിൻ്റെ കുറവുണ്ടാകുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഒപ്പം വാർഷിക നികുതി 5,500 ഡോളർ വരെ ഉയരാനും സാധ്യതയുണ്ട്. 20 വർഷം പൂർത്തിയാകുമ്പോഴേക്ക് സർക്കാരിൻ്റെ കടം 442.3 ബില്യൺ ഡോളറായി പെരുകാനുമിടയുണ്ട്.
സ്വതന്ത്ര രാജ്യമാകണമെങ്കിൽ പുതിയ ഓഫീസുകൾ, ഐ.ടി സംവിധാനങ്ങൾ, സ്വന്തം പണനയം, അന്താരാഷ്ട്ര വ്യാപാര കരാറുകൾ എന്നിവ പുതുതായി ഉണ്ടാക്കേണ്ടി വരും. ഇതിനായി മാത്രം 70,000 പുതിയ സർക്കാർ ജീവനക്കാരെ നിയമിക്കേണ്ടി വരുമെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. ഈ റിപ്പോർട്ട് വസ്തുതാപരമല്ലെന്നാണ് വേർപിരിയലിനെ അനുകൂലിക്കുന്നവരുടെ വാദം. ആൽബർട്ടയുടെ എണ്ണയും മറ്റ് പ്രകൃതിവിഭവങ്ങളും ചർച്ചകളിൽ മികച്ച മേൽക്കൈ നൽകുമെന്നും അവർ കരുതുന്നു. എന്നാൽ, വേർപിരിയൽ തീരുമാനം ആൽബർട്ടയ്ക്കും കാനഡയ്ക്കും ഒരുപോലെ ദോഷകരമാകുമെന്നാണ് ഭൂരിഭാഗം സാമ്പത്തിക വിദഗ്ദ്ധരുടെയും മുന്നറിയിപ്പ്.







