കാൽഗറിയിൽ കാണാതായ കുട്ടിക്കായുള്ള തെരച്ചിൽ തുടരുന്നതിനിടെ, കുട്ടിയുടെ കുടുംബത്തിൻ്റെ പേരിൽ നടക്കുന്ന ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകൾക്കെതിരെ മുന്നറിയിപ്പ് നൽകി പോലീസ്. ജൂലൈ 16 മുതൽ കാണാതായ 11 വയസ്സുള്ള പാർക്കറിനെ കണ്ടെത്താൻ സഹായിക്കുന്നതിനായി എന്ന പേരിൽ വ്യാജ ‘ഗോഫണ്ട്മി’ ആരംഭിച്ചിട്ടുണ്ടെന്ന് പോലീസ് പറയുന്നു. എന്നാൽ, ഈ ധനസമാഹരണത്തിന് കുടുംബവുമായി യാതൊരു ബന്ധവുമില്ലെന്നും പൊലീസ് വ്യക്തമാക്കി. ദുരന്തങ്ങളുടെയും മിസ്സിംഗ് കേസുകളുടെയും പശ്ചാത്തലത്തിൽ ആളുകളുടെ സഹതാപം ചൂഷണം ചെയ്ത് വ്യക്തിഗത വിവരങ്ങളും പണവും തട്ടിയെടുക്കാൻ ശ്രമിക്കുന്ന ഇത്തരം തട്ടിപ്പുകളിൽ വീഴരുതെന്ന് അധികൃതർ പൊതുജനങ്ങൾക്ക് നിർദേശം നൽകി.
സംസാരശേഷിയില്ലാത്തതും മറ്റ് അസുഖങ്ങളും ഉള്ള പാർക്കറിനെ ജൂലൈ 16-ന് രാവിലെ കോണാട്ട് ഡ്രൈവിലെ ഡേ ഹോമിൽ നിന്നാണ് കാണാതായത്. തുടർന്ന് ആംബർ അലർട്ട് പുറപ്പെടുവിച്ചിരുന്നു. നിലവിൽ 400-ലധികം പൊലീസ് ഉദ്യോഗസ്ഥരും സന്നദ്ധപ്രവർത്തകരും ചേർന്ന് 7,000 കിലോമീറ്ററിലധികം ദൂരത്തിൽ വ്യാപകമായ തിരച്ചിൽ നടത്തിവരികയാണ്. അഞ്ച് അടിയാളം ഉയരവും 90 പൗണ്ട് ഭാരവുമുള്ള പാർക്കറിന് തവിട്ടുനിറത്തിലുള്ള കണ്ണുകളും മൊട്ടയടിച്ച തലയുമാണുള്ളത്. കാണാതാകുമ്പോൾ ഷർട്ട് ധരിക്കാതെ കറുത്ത ഷോർട്സും ഹെഡ്ഫോണും ധരിച്ചിരുന്നു. കുട്ടിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ഉടൻ തന്നെ പൊലീസിനെ അറിയിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.







