അമേരിക്കൻ പ്രതിരോധ വകുപ്പായ പെന്റ്ഗണിന് വലിയ സാമ്പത്തിക, കമ്പ്യൂട്ടിങ് തലവേദന സൃഷ്ടിച്ചിരിക്കുകയാണ് നിർമിതബുദ്ധി (എഐ) സാങ്കേതികവിദ്യയുടെ അമിതമായ ഉപയോഗം. തങ്ങളുടെ ജീവനക്കാർക്ക് ഒരു വർഷത്തേക്ക് ഉപയോഗിക്കാൻ അനുവദിച്ചിരുന്ന എഐ ടോക്കണുകൾ വെറും ഏതാനും ആഴ്ചകൾ കൊണ്ട് തീർന്നുപോയതാണ് സൈനിക മേധാവികളെ പ്രതിസന്ധിയിലാക്കിയത്. ഇതേത്തുടർന്ന് ജീവനക്കാരുടെ എഐ ഉപയോഗത്തിന് പെന്റ്ഗൺ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ നിർബന്ധിതരായി.
നേരത്തെ ജീവനക്കാർക്കിടയിൽ എഐ ഉപയോഗം വർധിപ്പിക്കുന്നതിനായി പ്രതിമാസം 2,00,000 ടോക്കണുകൾ വരെ നൽകുകയും, കൂടുതൽ ഉപയോഗിക്കുന്നവർക്ക് പ്രത്യേക ആനുകൂല്യങ്ങൾ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ചാറ്റ്ജിപിടി, ജെമിനി, ലാമ തുടങ്ങിയ പ്രമുഖ എഐ മോഡലുകൾ ഉപയോഗിക്കാൻ ഉദ്യോഗസ്ഥർക്ക് അനുമതിയുണ്ടായിരുന്നു. എന്നാൽ എഐ ഉപയോഗിക്കാത്തവരെ ഇമെയിൽ വഴി ഓർമ്മിപ്പിച്ചുള്ള ശക്തമായ പ്രചാരണങ്ങൾ കാരണം സൈന്യത്തിന്റെ 100 മില്യൺ ടോക്കണുകളടങ്ങിയ വാർഷിക ‘എന്റർപ്രൈസ് പാക്ക്’ പ്രതീക്ഷിച്ചതിലും വേഗത്തിൽ തീർന്നുപോയി.
ഡേറ്റ പ്രോസസ്സ് ചെയ്യുന്നതിന്റെ അളവായ ടോക്കണുകളുടെ അടിസ്ഥാനത്തിലാണ് ടെക് കമ്പനികൾ തുക ഈടാക്കുന്നത്. മുൻപ് മൈക്രോസോഫ്റ്റ്, യൂബർ തുടങ്ങിയ ആഗോള കമ്പനികളും ചെലവ് ഉയർന്നതിനെ തുടർന്ന് സമാനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. പ്രതിരോധ വകുപ്പിലെ 35 ലക്ഷത്തോളം വരുന്ന ജീവനക്കാരിൽ പകുതിയോളം പേർ എഐ ഉപയോഗിക്കാൻ തുടങ്ങിയതോടെയാണ് കമ്പ്യൂട്ടിങ് പ്രതിസന്ധി രൂക്ഷമായത്. മെയ് മാസത്തിൽ ജീവനക്കാർക്ക് പരിധിയില്ലാത്ത പ്രവേശനം വാഗ്ദാനം ചെയ്ത സൈനിക നേതൃത്വം, ജൂൺ പകുതിയോടെ നിലപാട് മാറ്റാൻ നിർബന്ധിതരാവുകയായിരുന്നു.
ഇത്തരം അമിത ചെലവുകളും ടോക്കൺ പ്രതിസന്ധികളും നിലനിൽക്കുമ്പോഴും സുപ്രധാന സൈനിക ദൗത്യങ്ങളിൽ എഐയുടെ പങ്കാളിത്തം ഒഴിവാക്കാൻ പെന്റ്ഗൺ തയ്യാറല്ല. യുദ്ധക്കളങ്ങളിലും മറ്റ് സംഘർഷ മേഖലകളിലും അമേരിക്കൻ പൗരന്മാർ നേരിടുന്ന ജീവഹാനി സാധ്യത മുൻകൂട്ടി പ്രവചിക്കുന്നതിനും വിലയിരുത്തുന്നതിനുമായി അത്യാധുനിക ഓട്ടോമേറ്റഡ് എഐ സോഫ്റ്റ്വെയറുകൾ വികസിപ്പിക്കാനുള്ള നടപടികളുമായി യു.എസ് ഡിപ്പാർട്ട്മെന്റ് ഓഫ് വാർ മുന്നോട്ട് പോവുകയാണ്.







