ഫുട്ബോൾ ആരാധകരുടെ അതിരുവിട്ട ആവേശം ഒടുവിൽ കെഎസ്ആർടിസി ബസിന് വിനയായി. കുമാരനല്ലൂരിനടുത്ത് ചിറപ്പുറത്തുവെച്ചാണ് സംഭവം നടന്നത്. കുറ്റിപ്പുറത്തുനിന്നും പാലക്കാടേക്ക് സർവീസ് നടത്തുകയായിരുന്ന ബസിന്റെ മുൻവശത്തെ ചില്ലാണ് തകർന്നത്. ബസ് സ്റ്റോപ്പിന് സമീപം അർജന്റീന ആരാധകർ സ്ഥാപിച്ച കൂറ്റൻ പതാക കാറ്റിൽ പറന്നുപോകാതിരിക്കാൻ അടിഭാഗത്ത് കെട്ടിത്തൂക്കിയിരുന്ന കരിങ്കല്ല് ശക്തമായ കാറ്റിൽ ബസിന്റെ വിൻഡ്ഷീൽഡിലേക്ക് വന്ന് ഇടിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ശേഷം 3.20 ഓടെയാണ് ഈ അപകടമുണ്ടായത്.
സംഭവം നടക്കുമ്പോൾ പതിനാലോളം യാത്രക്കാർ ബസിനുള്ളിൽ ഉണ്ടായിരുന്നു. കല്ല് വന്നിടിച്ച ആഘാതത്തിൽ ചില്ല് തകർന്ന് തെറിച്ചുവീണ് ബസ് ഡ്രൈവറായ കെ.എം. രവിചന്ദ്രന് നിസ്സാര പരിക്കേറ്റിട്ടുണ്ട്. പൊതുവഴിയിലും പരിസരങ്ങളിലും യാത്രക്കാർക്കും വാഹനങ്ങൾക്കും ഭീഷണിയാകുന്ന രീതിയിൽ സ്ഥാപിച്ചിട്ടുള്ള വലിയ ഫ്ലെക്സ് ബോർഡുകളും കൊടിതോരണങ്ങളും എത്രയും വേഗം നീക്കം ചെയ്യണമെന്ന് പോലീസ് ഫുട്ബോൾ ആരാധകർക്ക് കർശന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.






