പ്രവിശ്യയിലേക്ക് കുടിയേറാൻ ആഗ്രഹിക്കുന്നവർക്കും എക്സ്പ്രഷൻ ഓഫ് ഇൻട്രസ്റ്റ് (EOI) നൽകി കാത്തിരിക്കുന്നവർക്കും ആശങ്കയായി ഇമിഗ്രേഷൻ നിയമങ്ങളിൽ മാറ്റം വരുത്തി ഒൻ്റാരിയോ സർക്കാർ. ഒൻ്റാരിയോ ഇമിഗ്രൻ്റ് നോമിനി പ്രോഗ്രാമിൽ (OINP) നിലവിലുള്ള 9 വിഭാഗങ്ങളെ പൂർണ്ണമായി റദ്ദാക്കി. പുതിയ ഭേദഗതികൾ 2026 മെയ് 30-ഓടെ പ്രാബല്യത്തിൽ വന്നു. പുതിയ ഭേദഗതി പ്രകാരം ഫോറിൻ വർക്കർ, ഇന്‍റർനാഷണൽ സ്റ്റുഡൻ്റ് വിത്ത് ജോബ് ഓഫർ, ഇൻ-ഡിമാൻഡ് സ്കിൽസ്, മാസ്റ്റേഴ്സ് ഗ്രാജുവേറ്റ്, പി.എച്ച്.ഡി ഗ്രാജുവേറ്റ്, ഹ്യൂമൻ കാപ്പിറ്റൽ പ്രയോറിറ്റീസ്, ഫ്രഞ്ച് സ്പീക്കിംഗ് സ്കിൽഡ് വർക്കർ, സ്കിൽഡ് ട്രേഡ്സ്, ഓൻ്റർപ്രണർ എന്നീ 9 പ്രധാന കാറ്റഗറികളാണ് ഇല്ലാതായത്. മെയ് 30-ന് ശേഷം ഈ കാറ്റഗറികളിലെ പഴയ യോഗ്യതാ മാനദണ്ഡങ്ങൾ അനുസരിച്ച് ആർക്കും നോമിനേഷന് അർഹതയുണ്ടായിരിക്കില്ല.
OINP പ്രോഗ്രാം ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും വലിയ നിയമപരിഷ്‌കാരമാണിത്. റദ്ദാക്കപ്പെട്ട സ്ട്രീമുകൾക്ക് പകരമായി എന്ത് സംവിധാനമാണ് വരുന്നത് എന്നതിനെക്കുറിച്ചോ, നിലവിൽ എക്സ്പ്രഷൻ ഓഫ് ഇൻട്രസ്റ്റ് (EOI) നൽകി കാത്തിരിക്കുന്ന ഉദ്യോഗാർത്ഥികളുടെ ഭാവി എന്താകുമെന്നതിനെക്കുറിച്ചോ പ്രവിശ്യാ സർക്കാർ വ്യക്തമായ വിവരങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല.
ഇതോടൊപ്പം രണ്ട് പ്രധാന മാറ്റങ്ങൾ കൂടി പ്രവിശ്യ വരുത്തിയിട്ടുണ്ട്. ഇനി മുതൽ എല്ലാ പുതിയ EOI സ്ട്രീമുകളിലും ജനറൽ ഡ്രോകൾക്ക് പുറമെ പ്രത്യേക ലേബർ മാർക്കറ്റ് മാനദണ്ഡങ്ങൾ മുൻനിർത്തി ‘ടാർഗെറ്റഡ് ഡ്രോകൾ’ നടത്താൻ OINP ഡയറക്ടർക്ക് പൂർണ്ണ അധികാരമുണ്ടായിരിക്കും. ഇതിൽ ഉയർന്ന റാങ്ക് നേടുന്നവർക്ക് മാത്രമേ അപേക്ഷിക്കാനുള്ള ഇൻവിറ്റേഷൻ ലഭിക്കൂ. രണ്ടാമതായി, ഒൻ്റാരിയോയിൽ നിന്നുള്ള ജോബ് ഓഫർ ആവശ്യമുള്ള ഏതൊരു കാറ്റഗറിയിലും അപേക്ഷിക്കണമെങ്കിൽ, കാനഡയിലെ തൊഴിലുടമ OINP ഡയറക്ടർക്ക് കീഴിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്തിരിക്കണമെന്നത് നിർബന്ധമാക്കിയിട്ടുണ്ട്.






